ഉയർന്ന ടോൾ, പക്ഷേ നടുവൊടിയും, 17 കിലോമീറ്റര്‍ കൂരാകൂരിരുട്ട്; 'നോ ലൈറ്റ്സ് നോ ടോള്‍' ക്യാമ്പെയിനുമായി എംപി

By Web TeamFirst Published Jan 26, 2024, 11:58 AM IST
Highlights

ഒറ്റത്തവണ യാത്രചെയ്യാന്‍ 200 രൂപയ്ക്ക് മുകളിലാണ് വലിയ വാഹനങ്ങള്‍ ടോളൊടുക്കേണ്ടത്. പണം നഷ്ടമായതിന്‍റെ വേദനയില്‍ ഈ ദേശീയ പാതയില്‍ പ്രവേശിച്ചാലാകട്ടെ കുലുങ്ങി കുലുങ്ങിയുള്ള യാത്ര.

കൊച്ചി: രണ്ട് പാലങ്ങള്‍ തകരാറിലായ കൊച്ചി കണ്ടെയ്നര്‍ റോഡില്‍ അനാസ്ഥ തുടരുന്നു. 17 കിലോമീറ്റര്‍ ദേശീയ പാതയില്‍ എവിടെയും ഇതുവരെ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ടാറിങ്ങിലെ അശാസ്ത്രീയത കാരണം നടുവൊടിഞ്ഞാണ് ഡ്രൈവിംഗ്. ലക്ഷങ്ങള്‍ ടോള്‍ പിരിക്കുന്ന പാതയിലെ അനാസ്ഥക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എംപി അടക്കമുള്ളവര്‍.

ഒറ്റത്തവണ യാത്രചെയ്യാന്‍ 200 രൂപയ്ക്ക് മുകളിലാണ് വലിയ വാഹനങ്ങള്‍ ടോളൊടുക്കേണ്ടത്. പണം നഷ്ടമായതിന്‍റെ വേദനയില്‍ ഈ ദേശീയ പാതയില്‍ പ്രവേശിച്ചാലാകട്ടെ കുലുങ്ങി കുലുങ്ങിയുള്ള യാത്ര. കണ്ടെയ്നര്‍ റോഡ് തുറന്നുകൊടുത്തതു മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പരാതിയാണ് ടാറിങിലെ അശാസ്ത്രീയത. ചതുപ്പ് നിറഞ്ഞ ഭൂപ്രദേശത്ത് നിര്‍മിച്ച റോഡിലെ കയറ്റിറങ്ങള്‍ ഡ്രൈവര്‍മാരെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്.

Latest Videos

സൂര്യനസ്തമിച്ചാല്‍ കൂരാകൂരിരുട്ടില്‍ വേണം ഇതുവഴി കടന്നുപോകാന്‍. വഴിയറിയാതെ അപകടത്തില്‍പ്പെടുന്നവര്‍ നിരവധിയാണ്. റോഡ് മുറിച്ചുകടന്ന നായയെ തട്ടി തെറിച്ചുവീണ ബൈക്ക് യാത്രികന്‍ മരിച്ചു. വെളിച്ചക്കുറവുകാരണം നായയെ കാണാന്‍ കഴിയാതെ പോയതാണ് അപകട കാരണം. ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടക്കം ഇടപെട്ടു. സോളാർ പാനലുകള്‍ ഉപയോഗിച്ചുള്ള തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ ധാരണയായി. എന്നാൽ കോടികള്‍ ചെലവാകുമെന്ന് പറഞ്ഞ് ദേശീയപാത അതോറിറ്റി അതും തള്ളി. 

പണം കൊടുത്ത് യാത്ര ചെയ്യുന്നവരുടെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധമാണ് നടക്കുന്നതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. 'നോ ലൈറ്റ്സ് നോ ടോള്‍' എന്ന കാമ്പെയിന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരംഭിക്കും. രാഷ്ട്രീയത്തിന് അതീതമായി എല്ലാ ആളുകളെയും ചേർത്ത് പിടിച്ചാണ് ഈ കാമ്പെയിന്‍ നടത്തുകയെന്നും എംപി പറഞ്ഞു. കണ്ടെയ്നര്‍ റോഡെന്നാണ് പേരെങ്കിലും വലിയ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍പോലും നിര്‍ത്താന്‍ അനുമതിയില്ല. ആവശ്യത്തിന് സ്ഥലവുമില്ല. ഇതിനൊപ്പമാണ് പാലത്തിലെ തകരാറും ഗതാഗത നിയന്ത്രണവും 

click me!