'ഇതു താങ്ങാൻ പറ്റില്ല, തൃശൂർ പൂരം ചടങ്ങ് മാത്രമാക്കേണ്ടി വരും'; മുഖ്യമന്ത്രി ഇടപെടണമെന്ന് ദേവസ്വങ്ങൾ

By Web TeamFirst Published Dec 18, 2023, 7:03 PM IST
Highlights

കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. എന്നാൽ ഈ വർഷം 2.20 കോടി രൂപ വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നത്.

തൃശൂർ: തൃശൂർ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരുമെന്ന് പ്രമേയം. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് എക്സിബിഷൻ ​ഗ്രൗണ്ടിന് വാടക വർധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. എക്സിബിഷൻ ഗ്രൗണ്ട് വാടക കൂട്ടിയാൽ പൂരം ചടങ്ങു മാത്രമാക്കും. കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. എന്നാൽ ഈ വർഷം 2.20 കോടി രൂപ വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നത്. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. 

തറവാടക കൂട്ടിയത് പരിഹരിക്കാനും ഒത്തുതീര്‍പ്പാക്കാനുമുള്ള ശ്രമങ്ങള്‍ കഴിഞ്ഞ പൂരം മുതല്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തീരുമാനങ്ങളും നടപടികളുമായിട്ടില്ല. വാടക കൂട്ടുന്നതില്‍ നിന്ന് കൊച്ചിന്‍ ദേവസ്വം പിന്നോട്ട് പോയിട്ടില്ല. പൂരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് എക്‌സിബിഷന്‍. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. രണ്ടേകാല്‍ കോടിയോളം രൂപയാണ് രണ്ടുമാസത്തോളം നീളുന്ന തൃശൂര്‍ പൂരം എക്‌സിബിഷന് തേക്കിന്‍കാട് മൈതാനിയില്‍ സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്. 

Latest Videos

പൂരം കൊച്ചിന്‍ ദേവസ്വത്തിന്റേതു കൂടിയായതിനാല്‍ വന്‍ തുക ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് സംഘാടകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഉടനടി രാഷ്ട്രീയമായ തീരുമാനം വേണമെന്നാണ് ദേവസ്വങ്ങള്‍ ആവശ്യപ്പെടുന്നത്. 

click me!