പനങ്ങാട് പഞ്ചായത്ത് ഓഫീസിനടുത്തുള്ള വളവില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്.
കോഴിക്കോട്: ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ കാറിലെത്തിയ സംഘത്തിന്‍റെ ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ലോറി ഡ്രൈവര്‍ പൂനൂര്‍ തേക്കിന്‍തോട്ടം കളത്തില്‍തൊടുകയില്‍ ആഷിഖ് (24), സഹായി റാഷിദ് ആവേല (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനങ്ങാട് പഞ്ചായത്ത് ഓഫീസിനടുത്തുള്ള വളവില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. കണ്ണാടിപ്പൊയിലില്‍ നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് ലോറിയില്‍ വരികയായിരുന്ന ആഷിഖിനെ എതിര്‍ ദിശയില്‍ കാറിലെത്തിയ നാലംഗ സംഘം തടയുകയായിരുന്നു. കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബിയര്‍ കുപ്പികള്‍ കൊണ്ട് എറിയുകയും സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത് ലോറിയുടെ ഉള്ളില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും ബാലുശ്ശേരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ലോറിക്കുള്ളിലിട്ട് ഇരുവരെയും മര്‍ദ്ദിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.
undefined
ഏകരൂലിലെ ക്വാറിയില്‍ നിന്ന് മെറ്റല്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നുവെന്നും ഈ ലോറിയില്‍ നേരത്തേ ഉണ്ടായിരുന്ന ഡ്രൈവറുമായാണ് തര്‍ക്കമുണ്ടായതെന്നും ആഷിഖ് പൊലീസിനോട് പറഞ്ഞു. ആളുമാറിയാവാം തന്നെ ആക്രമിച്ചതെന്നും ആഷിഖ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം