കൊച്ചിയിൽ മൂന്നിടത്തു നിന്നായി മൂന്ന് ബൈക്കുകൾ മോഷ്ടിച്ചു, മൂന്നുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
കൊച്ചി: വിവിധ കേസുകളിലായി മൂന്ന് ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. നായരമ്പലം തയ്യെഴുത്ത് വഴി ഭാഗത്ത് പറപ്പിള്ളി വീട്ടിൽ ലിജോ ആന്റണി (32), കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കൽ ഭാഗത്ത് തേക്കിലകാട്ടിൽ വീട്ടിൽ വിഷ്ണു (ഫ്രീക്കൻ വിഷ്ണു 22), മട്ടാഞ്ചേരി കളതുങ്കൽപറമ്പ് വീട് അൽത്താഫ് മുഹമ്മദ് ( 22 ) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
എളങ്കുന്നപ്പുഴ പെരുമാൾപ്പടി കണ്ണായത്ത് ജെക്സൻ ജോർജിന്റെ വീട്ടിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് ലിജോ ആന്റെണി അറസ്റ്റിലായത്. മുരിക്കുംപാടം സമുദ്ര ഫിഷിംഗ് കമ്പനിയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് വിഷ്ണു മോഷ്ടിച്ചത്. വളപ്പ് ഭാഗത്തുള്ള വർക്ക് ഷോപ്പിനു മുൻവശം വച്ചിരുന്ന ബൈക്ക് അൽത്താഫ് മോഷ്ടിക്കുകയായിരുന്നു.
വിഷ്ണുവും, അൽത്താഫും നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. ഇൻസ്പെക്ടർ എ.എൽ യേശുദാസ് , എസ്.ഐ അഖിൽ വിജയകുമാർ , എ.എസ്.ഐ ഷാഹിർ സി.പി.ഒ സ്വരാബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read more: അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ
undefined
അതേസമയം, വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് കവർച്ച നടത്തിയ രണ്ട് അംഗ സംഘം അറസ്റ്റിലായി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ മോഷ്ടാക്കളായ ആനക്കള്ളൻ എന്ന പേരില്‍ അറിയപ്പെടുന്ന സൈദലിയും, കൂട്ടാളിയുമാണ് അറസ്റ്റിൽ ആയത്.
കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ നിന്നും എസ് അമീർ ഷാജഹാൻ (27), പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ ഫാത്തിമ മൻസിലിൽ നിന്നും വട്ടിയൂർക്കാവ് ഇലിക്കോട് ടി എം വി നഗർ ഹൗസ് നമ്പർ 144ൽ വാടകയ്ക്ക് താമസിക്കുന്ന എൻ സൈദലി (23) എന്നിവരാണ് അറസ്റ്റിൽ ആയത്.
നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് 12ന് വെളുപ്പിനാണ് ഇവർ മോഷണം നടത്തിയത്. റൂറൽ എസ്.പി ശിൽപദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐമാരായ പ്രദീപ്, ശ്രീലാൽ, ചന്ദ്രശേഖരൻ, സുജിത്ത്, മനോജ്, സി.പി.ഒമാരായ ശ്രീജിത്ത്, അഖിൽകുമാർ, ശരത്ത് ചന്ദ്രൻ, വൈശാഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.