കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പേർ പിടിയിൽ

By Web TeamFirst Published Dec 6, 2023, 9:50 AM IST
Highlights

അറ്റകുറ്റപ്പണികള്‍ക്കായി കെഎസ്ഇബി ജീവനക്കാര്‍ കൊണ്ടുവന്ന അലൂമിനിയം കമ്പിയാണ് മോഷ്ടിച്ച് വിറ്റത്. 

കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച മൂന്നു പേർ പിടിയിലായി. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍ (42), മൈനാഗപ്പള്ളി കുറ്റി അടക്കതില്‍ സലീം (43), ശാസ്താംകോട്ട, തയ്യ് വിള കിഴക്കതില്‍ മുഹമ്മദ് ഷാഫി (40) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 15,000 രൂപ വില വരുന്ന കമ്പിയാണ് മോഷ്ടിച്ചത്.

ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപണികള്‍ക്കായി കെഎസ്ഇബി ജീവനക്കാര്‍ കൊണ്ടുവന്നതായിരുന്നു രണ്ട് റോള്‍ അലൂമിനിയം കമ്പികള്‍. ഇവ  താത്കാലികമായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നാണ് മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പ്രതികളായ പത്മകുമാറും സലീമും ചേര്‍ന്ന് 15,000 രൂപയോളം വില വരുന്ന ഒരു റോള്‍ അലൂമിനിയം കമ്പി മോഷ്ടിക്കുകയായിരുന്നു. ഇത് ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഷാഫിക്കാണ് വിറ്റു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതിയില്‍ അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്ഐ പ്രദീപ്, സജിമോന്‍, എഎസ്ഐ രഞ്ജിനി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Latest Videos

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയായി; പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും ഇനി സൗജന്യമായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനേകം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ട്രയല്‍ റണ്‍ ഉള്‍പ്പെടെ നടത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവില്ല. ഇതിനൊരു പരിഹാരമാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പ്രസവശേഷം എല്ലാവര്‍ക്കും ഈ സേവനം ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാതൃശിശു സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കിയത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 44 ആശുപത്രികള്‍ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ നേടി. 

ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി എല്ലാ പ്രസവം നടക്കുന്ന ആശുപത്രികളിലും സമഗ്ര ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി. കുഞ്ഞുങ്ങളിലെ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 6640 കുഞ്ഞുങ്ങള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഹൃദ്യം പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!