ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണം, അതിനുശേഷം മൃഗാശുപത്രിയിൽ; കള്ളനെ തേടി അന്തിക്കാട് പൊലീസ്

By Web Team  |  First Published Nov 6, 2024, 2:38 PM IST

ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപയും സമീപത്തുള്ള വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയുമാണ് മോഷ്ടിച്ചത്


തൃശൂർ: തൃശൂരിൽ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.  ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവിയിലാണ് മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഷർട്ട് ധരിക്കാതെ മുഖം മറച്ച കള്ളന്‍റെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപയും സമീപത്തുള്ള വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയുമാണ് മോഷ്ടിച്ചത്. സംഭവത്തിൽ അന്തിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരൻ നന്ദനാണ് വഴിപാട് കൗണ്ടർ സ്ഥിതി ചെയ്യുന്ന സ്റ്റോർ റൂമിന്‍റെ മുൻ വാതിലിന്‍റെ പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് ആദ്യം കണ്ടത്. സ്റ്റോർ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിന്‍റെ മുറിയുടെ പൂട്ടും തകർത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപയോളം കൊണ്ടുപോയി. ഇതിനു സമീപം ചുമരിൽ തൂക്കിയിട്ടിരുന്ന കവറിൽ ഉണ്ടായിരുന്ന 13,000 രൂപ കള്ളന്‍റെ ശ്രദ്ധയിൽ പെട്ടില്ല. ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ദേവീ ക്ഷേത്രത്തിന് മുൻപിലെ ഭണ്ഡാരത്തിന്‍റെ പൂട്ടും പൊളിച്ചിട്ടുണ്ട്. 

Latest Videos

ക്ഷേത്രം പ്രസിഡന്‍റ് മോഹനൻ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്തിക്കാട് പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽ നിന്നിറങ്ങിയ ശേഷമാകാം മോഷ്ടാവ് തൊട്ടടുത്തുള്ള സർക്കാർ മൃഗാശുപത്രിയിൽ കയറിയത്. മുൻവാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഒരു അലമാര കുത്തി തുറന്നു. അതിൽ ഇരുന്ന താക്കോലുകൾ എടുത്ത് മറ്റ് നാല് അലമാരകൾ തുറന്ന് പരിശോധിച്ചു. മേശപ്പുറത്ത് ചെപ്പിൽ സൂക്ഷിച്ചിരുന്ന 1000 രൂപയാണ് നഷ്ടപ്പെട്ടത്. വെറ്ററിനറി ആശുപത്രി ഡോക്ടർ രാധിക ശ്യാം, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാർ എന്നിവർ അന്തിക്കാട് പൊലീസിൽ പരാതി നൽകി. വാർഡ് മെമ്പർമാരായ സുനിത ബാബു, സി പി പോൾ, കെ രാഗേഷ്, ജെൻസൻ ജെയിംസ് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.

ശുചിമുറി മാലിന്യം ലോറിയില്‍ കയറ്റി പൊതുസ്ഥലങ്ങളിൽ ഒഴുക്കുന്നത് പതിവാക്കി; യുവാക്കളെ കൈയോടെ പിടികൂടി 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!