'അച്ഛൻ നൽകാനുള്ള പണം വേണം', തക്കംനോക്കി മകനെ പറ്റിക്കാൻ കടയിൽ; ഫോണ്‍ വിളിക്കാൻ തിരിയവേ പണമെടുത്തോടി, പിടിയിൽ

By Web Team  |  First Published Nov 6, 2024, 3:59 PM IST

കടയുടെ ഉടമസ്ഥന്റെ മകന്‍ സിനാനെ തെറ്റിദ്ധരിപ്പിച്ച്‌ പണം ആവശ്യപ്പെടുകയായിരുന്നു. സിനാന്‍ മേശ വലിപ്പ് തുറന്ന് പണം എണ്ണിതിട്ടപ്പെടുത്തി വെച്ച ശേഷം, പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പിതാവിനെ വിവരം ധരിപ്പിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തിരിഞ്ഞപ്പോഴായിരുന്നു മോഷണം.


മലപ്പുറം: പിതാവ് പണം നൽകാനുണ്ടെന്ന് പറഞ്ഞു കടയിലുണ്ടായിരുന്ന മകനെ തെറ്റിദ്ധരിപ്പിച്ച്‌ മേശ വലിപ്പിലെ പണം എടുത്തു ഓടിയ യുവാവ് പിടിയില്‍. മമ്പാട് സ്വദേശി സുധീഷ് എന്ന ചെല്ലപ്പന്‍ സുധി (25 ) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. പിതാവ് 10,000 രൂപ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്ന് കടയിലുണ്ടായിരുന്ന മകനോട് യുവാവ് പറഞ്ഞു. സംശയം തോന്നി മകൻ പിതാവിനെ ഫോണ്‍ വിളിക്കാന്‍ തിരിഞ്ഞതോടെ മേശവലിപ്പിലെ പണമെടുത്തു പ്രതി ഓടിമറഞ്ഞു. കരുളായിയില്‍ പട്ടാപ്പകലാണ് കടയില്‍ മോഷണം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിലവില്‍ ചാത്തല്ലൂരില്‍ വാടകക്ക് താമസിക്കുകയാണ് പ്രതി. കരുളായി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ വെജിറ്റബിള്‍സ് എന്ന കടയില്‍ നിന്നുമാണ് പണം തട്ടാന്‍ ശ്രമിച്ചത്. കടയുടെ ഉടമസ്ഥന്റെ മകന്‍ മുഹമ്മദ് സിനാനെ തെറ്റിദ്ധരിപ്പിച്ച്‌ പണം ആവശ്യപ്പെടുകയായിരുന്നു. പിതാവ് തനിക്ക് പതിനായിരം രൂപ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും ഈ തുക താന്‍ പിതാവിന് ഗൂഗിള്‍പേ വഴി അയച്ചുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞാണു തെറ്റിദ്ധരിപ്പിച്ചത്. സിനാന്‍ മേശ വലിപ്പ് തുറന്ന് പണം എണ്ണിതിട്ടപ്പെടുത്തി വെച്ച ശേഷം, പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പിതാവിനെ വിവരം ധരിപ്പിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തിരിഞ്ഞപ്പോഴായിരുന്നു മോഷണം.

Latest Videos

പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി എന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. അടുത്ത കടയിലെ സിസിടിവിയില്‍ നിന്ന് കടയില്‍ വന്ന പ്രതി ഒരു കാറില്‍ കയറി രക്ഷപ്പെട്ട് പോകുന്ന ദൃശ്യവും പൊലീസിന് ലഭിച്ചു.

കാറിനെ കുറിച്ചുള്ള അന്വേഷണത്തില്‍ കാളികാവിലെ ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നും ഉടമയെ കബളിപ്പിച്ച്‌ തട്ടിയെടുത്തതാണ് കാര്‍ എന്നും പൊലീസ് കണ്ടെത്തി. ഇത്തരം കുറ്റകൃത്യങ്ങളില്‍ മുമ്പ് ഉള്‍പ്പെട്ട പ്രതി സുധീഷിന്റെ ഫോട്ടോ കടയുടമയെയും വര്‍ക്ക് ഷോപ്പ് ഉടമയെയും കാണിച്ചപ്പോള്‍ ഇരുവരും പ്രതിയെ തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി എടക്കരയിലെ ഭാര്യ വീട്ടില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണു പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

undefined

പണം തിരുവന്തപുരം, കൊച്ചി എന്നിവിടങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂട്ടുകാരോടൊപ്പം കാറില്‍ കറങ്ങാനും മുന്‍ കാല കേസുകളുടെ നടത്തിപ്പിനായും ചെലവഴിച്ചതായി മൊഴി നല്‍കി. പ്രതി മുമ്പ് കൊടുവള്ളി, പെരിന്തല്‍മണ്ണ, വാഴക്കാട്, തേഞ്ഞിപ്പാലം, കാളികാവ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സമാന കളവു കേസുകളിലും മഞ്ചേരി, പൂക്കോട്ടുംപാടം, എടവണ്ണ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മറ്റ് ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെടെ പതിനൊന്നോളം കേസുകളില്‍ പിടിക്കപ്പെട്ട് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ, അമ്മയെയും അറസ്റ്റ് ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!