മോഷ്ടാവ് ട്രെയിനിൽ വന്നിറങ്ങിയാണ് മോഷണം നടത്തിയത്. ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷം പാലക്കാടെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
മലപ്പുറം: ഒരേ രാത്രിയിൽ പള്ളിയിലും അമ്പലത്തിലും മോഷണം നടത്തിയയാളെ താനൂർ പൊലീസ് പിടികൂടി. കരുവാരകുണ്ട് പുൽവെട്ടയിലെ ചെല്ലപ്പുറത്ത് ദാസൻ എന്ന മുത്തുദാസിനെ (46) ആണ് പിടികൂടിയത്. പാലക്കാട് നിന്നാണ് പ്രതി വലയിലായത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മോഷണം നടന്നത്. താനൂർ ശോഭപറമ്പ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും തൊട്ടടുത്തുള്ള നടക്കാവ് മുഹ്യുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം നടന്നത്. രണ്ടിടത്തും ഭണ്ഡാരങ്ങൾ പൊളിച്ച് പണം എടുക്കുകയായിരുന്നു.
സംഭവമറിഞ്ഞ ഉടനെ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടാനായി. രണ്ട് സ്ഥലങ്ങളിലെയും സിസിടിവികളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്തമല്ലായിരുന്നു. മോഷ്ടാവ് ട്രെയിനിൽ വന്നിറങ്ങിയാണ് മോഷണം നടത്തിയത്. എന്നിട്ട് ട്രെയിനിൽ തന്നെ ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷം പാലക്കാടെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, എസ്ഐമാരായ എൻ ആർ സുജിത്, സുകീഷ്, എഎസ്ഐ സലേഷ്, ലിബിൻ, സെബാസ്റ്റ്യൻ സുജിത്, താനൂർ ഡാൻസഫ് എസ്.ഐ പ്രമോദ്, അനീഷ്, ബിജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം