പ്രളയത്തിൽ തകർന്നു തരിപ്പണമായ റോഡ്, അഞ്ച് വർഷമായിട്ടും നിർമാണത്തിന് ഒച്ചിഴയുന്ന വേഗം

By Web TeamFirst Published Feb 29, 2024, 3:10 PM IST
Highlights

ഇരിക്കൂറിൽ നിന്ന് വിമാനത്താവളത്തിലെത്താനുള്ള പ്രധാന പാതയാണിത്. തളിപ്പറമ്പിലേക്കുള്ള എളുപ്പവഴിയും

കണ്ണൂർ: അഞ്ച് വർഷമായിട്ടും പൂർത്തിയാകാതെ കണ്ണൂർ - ഇരിക്കൂറിലെ മണ്ണൂർ റോഡ് നിർമാണം. 2019ലെ പ്രളയത്തിൽ ഇടിഞ്ഞ റോഡ് ഇനിയും പുനർനിർമിച്ചില്ല. പ്രതിഷേധത്തിലാണ് നാട്ടുകാർ.

ഇരിക്കൂറിൽ നിന്ന് വിമാനത്താവളത്തിലെത്താനുള്ള പ്രധാന പാതയാണിത്. തളിപ്പറമ്പിലേക്കുള്ള എളുപ്പവഴിയും ഇതാണ്. പക്ഷേ ഇവിടെ ഞാണിന്മേൽ കളി തുടങ്ങിയിട്ട് കാലം കുറേയായി. യാത്രയ്ക്കൊപ്പം പൊടിയും ഫ്രീ. മാസ്ക് ധരിക്കാതെ ഈ വഴി പോകാനാവില്ല.  

Latest Videos

ഭിത്തിയടക്കം റോഡിന് 13 കോടി രൂപ കിഫ്ബി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നിർമാണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത് കേരള റോഡ് ഫണ്ട് ബോർഡാണ്. വെള്ളപ്പൊക്കത്തിൽ മണ്ണൂർ പുഴയ്ക്കരികെ നായിക്കാലിൽ റോഡിടിഞ്ഞപ്പോൾ ഗതാഗതം നിലച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ഒടുവിൽ പാലക്കാട് ഐഐടിയിൽ നിന്നുളള സംഘമെത്തിയാണ് പുതിയ പദ്ധതിയൊരുക്കിയത്.

പണി ഇഴഞ്ഞ് ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങളും ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം സ്കൂട്ടർ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു. സംരക്ഷണ ഭിത്തി കെട്ടിത്തീരാത്തതാണ് പണി വൈകാൻ കാരണമെന്നാണ് കെആർഎഫ്ബിയുടെ വിശദീകരണം. മെയ് മാസത്തിൽ എല്ലാം സെറ്റാക്കുമെന്നാണ് നിലവിലെ ഉറപ്പ്.

tags
click me!