വിശ്വസിക്കണം, ഇത് കിളച്ചിട്ട പാടമല്ല, കാണുന്നത് ഒരു റോഡാണ്! യാത്ര ചെയ്യാൻ സര്‍ക്കസ് അഭ്യസിച്ചെന്ന് നാട്ടുകാര്‍

By Web TeamFirst Published Jul 5, 2024, 8:16 PM IST
Highlights

തകഴി ജംഗ്ഷൻ മുതൽ വടക്കോട്ട് പടഹാരം വരെയുള്ള 3 കിലോമീറ്റര്‍ റോഡാണ് പുനർ നിർമിക്കാനായി 5 മാസം മുൻപ് പൊളിച്ചത്. 
 

അമ്പലപ്പുഴ: തകഴി-പടഹാരം റോഡിലൂടെ യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അഭ്യാസം പഠിക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. കഴിഞ്ഞ അഞ്ച് മാസക്കാലമായി നാട്ടുകാർ അഭ്യാസം നടത്തിയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. അഞ്ച് മാസം മുൻപാണ് പുനർ നിർമിക്കാനായി ഈ റോഡ് പൊളിച്ചത്. തകഴി ജംഗ്ഷൻ മുതൽ വടക്കോട്ട് പടഹാരം വരെയുള്ള 3 കിലോമീറ്റര്‍ റോഡാണ് പുനർ നിർമിക്കാനായി 5 മാസം മുൻപ് പൊളിച്ചത്. 

കേന്ദ്ര സർക്കാരിന്റെ ഭാരത് മാതാ ഫണ്ടുപയോഗിച്ചാണ് റോഡ് പുനർ നിർമിക്കുന്നത്. പുനർ നിർമിക്കുമ്പോൾ റോഡുയരുന്നതിനാൽ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി എസ്റ്റിമേറ്റ് തയ്യാറാക്കാത്തതാണ് പുനർ നിർമാണത്തിന് തടസ്സമായി നിൽക്കുന്നത്. കെഎസ്ഇബി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുൻപ് തന്നെ റോഡ് പൊളിച്ചതാണ് നാട്ടുകാരെ യാത്രാദുരിതത്തിലാക്കിയത്. 

Latest Videos

കരുവാറ്റ കുപ്പപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ സ്കുൾ വിദ്യാർത്ഥികളടക്കം നൂറു കണക്കിന് പേരാണ് യാത്ര ചെയ്യുന്നത്. മഴ ശക്തമായതോടെ റോഡാകെ തകർന്നു കിടക്കുകയാണ്. പടഹാരം പാലത്തിന് കിഴക്ക് ഭാഗത്തു കൂടിയാണ് നാട്ടുകാർ പ്രധാന റോഡിലേക്ക് കയറുന്നത്. ഈ റോഡും മഴ കഴിഞ്ഞതോടെ ചെളി രൂപപ്പെട്ട് കാൽനടയാത്രക്ക് പോലും കഴിയാത്ത രീതിയിലായി. 

അത്യാസന്ന നിലയിലായ ഒരാളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ പോലും ഇതിലൂടെ വരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിലൂടെ ഓടുന്ന വാഹനങ്ങൾക്ക് എല്ലാ ദിവസവും അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയാണ്. നേരത്തെ പടഹാരത്തു നിന്ന് 5 മിനിറ്റ് കൊണ്ട് വാഹനത്തിൽ തകഴിയിലെത്താമായിരുന്നു. ഇപ്പോൾ റോഡ് തകർന്നു കിടക്കുന്നതിനാൽ മണിക്കൂറുകളെടുത്താണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. 

റോഡു നിർമാണത്തിനായി ഇറക്കിയിട്ട മെറ്റിൽക്കൂനകളിൽ കാട് പിടിച്ചു തുടങ്ങി. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. മഴ ശക്തി പ്രാപിച്ചതോടെ ഓരോ ദിവസം കഴിയും തോറും റോഡ് തകർന്നു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം യാത്രക്കാരുടെ നടുവുമൊടിയുകയാണ്. മാസങ്ങളായി പ്രദേശ വാസികളനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരവും നടത്തി. എന്നിട്ടും അധികൃതർ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!