രാവിലെ ക്ഷേത്ര വാതിലുകള്‍ തകര്‍ന്ന നിലയില്‍ കണ്ട് പരിശോധിച്ചപ്പോൾ കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് മോഷണം

By Web Team  |  First Published Nov 9, 2024, 5:47 AM IST

കഴിഞ്ഞ ആറ് മാസമായി തുറക്കാതിരുന്ന കാണിക്ക വഞ്ചിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്ന് പണം അപഹരിച്ചത്.


ഇടുക്കി: നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം അപഹരിച്ചു. ശ്രീകോവിലും കുത്തിപ്പൊളിച്ച് നശിപ്പിച്ച നിലയിലാണ്. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. രാവിലെ ക്ഷേത്ര വാതിലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. പ്രധാന കാണിക്കവഞ്ചി തകര്‍ത്ത് പണം പൂര്‍ണമായും അപഹരിച്ചു. 

കഴിഞ്ഞ ആറ് മാസമായി കാണിക്ക വഞ്ചിയില്‍ നിന്നും പണം എടുത്തിട്ടില്ലായിരുന്നു. അതിനാല്‍ 70,000 രൂപയോളം എങ്കിലും ഉണ്ടായിരിക്കാമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിപ്പൊളിച്ച് ഇവിടെ സൂക്ഷിച്ചിരുന്ന 3,000 രൂപയും മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ ശ്രീകോവിലിന്റെ വാതിലുകള്‍ കുത്തിപ്പൊളിക്കുകയും അകത്ത് പ്രവേശിച്ച്  വൃത്തിഹീനമാക്കുകയും ചെയ്തു.
 
ക്ഷേത്രക്കമ്മറ്റി ഭാരവാഹികളുടെ പരാതിയെത്തുടര്‍ന്ന് നെടുങ്കണ്ടം സി.ഐ ജര്‍ളിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഇവിടെ പരിശോധന നടത്തി. മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!