ഒരു കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നാണ് കോൺഗ്രസ് ആരോപണം. പരിശോധന തുടരുകയാണെന്ന് സഹകരണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട: ക്രമക്കേടുകൾ നടന്നെന്ന സംശയത്തെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന പത്തനംതിട്ട മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ഒരു കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം പരിശോധന തുടരുകയാണെന്ന് സഹകരണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ചിട്ടിനടത്തിപ്പുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും വകുപ്പുതല പരിശോധനയുടെ ഭാഗമായി ബാങ്ക് സെക്രട്ടറി ഷാജിയെ സസ്പെൻഡ് ചെയ്തെന്നുമാണ് ഡയറക്ടർ ബോർഡ് വിശദീകരണം. എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സെക്രട്ടറി വൻ ക്രമക്കേട് നടത്തിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നും മരിച്ചവരുടെ അടക്കം പേരുകളിൽ ലോണ്‍ എടുത്തുവെന്നും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പ്രമോദ് പറഞ്ഞു.
വകുപ്പുതല പ്രാഥമിക പരിശോധനയിൽ 70 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് സൂചന. അതിനാൽ വിശദമായ പരിശോധനയിലേക്ക് സഹകരണ വകുപ്പ് നീങ്ങിയിട്ടുണ്ട്. അന്വേഷണവും നടപടിയുമെല്ലാം രഹസ്യമാക്കി വയ്ക്കാൻ സിപിഎം ജില്ലാ നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് വിവരങ്ങൾ പുറത്താകാൻ കാരണം. ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്. അതേസമയം നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും ബാങ്കിന്‍റെ സാമ്പത്തികനില ഭദ്രമാണെന്നും ഭരണ സമിതി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം