സെപ്റ്റിക് ടാങ്ക് പരിശോധിക്കുമ്പോൾ കാഴ്ചക്കാരനായി കലാധരനും; കലയുടെ കൊലപാതകം വിശ്വസിക്കാനാകാതെ സഹോദരന്‍

By Web TeamFirst Published Jul 4, 2024, 1:37 AM IST
Highlights

സഹോദരി കൊല്ലപ്പെട്ടതാണന്ന് ഞെട്ടലോടെയായാണ് കലാധരൻ തിരിച്ചറിഞ്ഞത്. സഹോദരി ദൂരെയെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ഇദ്ദേഹം.

മാന്നാർ: കാണാതായ സഹോദരിയെ കൊന്ന് തള്ളിയ വാർത്തകൾ പുറത്ത് വരുമ്പോഴും വഴിയോരക്കച്ചവടത്തിലാണ് കൊല്ലപ്പെട്ട കലയുടെ ഇളയ സഹോദരനായ കലാധരൻ. ജന്മനാ ബധിരനും മൂകനുമായ കലാധരൻ കായംകുളം-തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ നായർ സമാജം സ്കൂളിന് സമീപം ഇന്നലെ റമ്പുട്ടാൻ പഴം വിൽക്കുകയായിരുന്നു. സ്ഥിരമായി ഈ ഭാഗത്ത് വിവിധ കച്ചവടങ്ങൾ ചെയ്തു വരികയാണ് കലാധരൻ. രണ്ട് മുറിയും ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടും നിൽക്കുന്ന മൂന്ന് സെന്റ് സ്ഥലം കലാധരനുണ്ടെങ്കിലും വീടിന്റെ അവസ്ഥ ശോചനീയമായതിനാൽ അമ്മയുടെ അനുജത്തിയുടെ കൂടെയാണ് താമസം.

കലയെ കൊന്നു കുഴിച്ചുമൂടിയ സെപ്റ്റിക് ടാങ്ക് പൊട്ടിച്ച് പരിശോധിക്കുമ്പോൾ കാഴ്ചക്കാരിൽ ഒരാളായി കലാധരനും അവിടെ നിന്നിരുന്നു. സഹോദരി കൊല്ലപ്പെട്ടതാണന്ന് ഞെട്ടലോടെയായാണ് കലാധരൻ തിരിച്ചറിഞ്ഞത്. സഹോദരി ദൂരെയെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ഇദ്ദേഹം. പൊലീസും ജനക്കൂട്ടവും കണ്ടപ്പോൾ സംഭവം മനസിലാക്കാൻ ആദ്യം കലാധരന് കഴിഞ്ഞിരുന്നില്ല. പിന്നീട് മനസിലായപ്പോൾ വിതുമ്പലോടെ പൊലീസ് നടപടികൾ നോക്കി നിൽക്കാനായിരുന്നു വിധി. കലയുടെ മൂത്ത സഹോദരൻ കവി കുമാർ ഓട്ടോ ഡ്രൈവറാണ്.  

click me!