പൊലീസെത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പിൽ മൃതദേഹം എത്തിച്ച് സംസ്കരിച്ചത്.
ആലപ്പുഴ : അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാർഡിലാണ് സംഭവം നടന്നത്. മൃതദേഹം കൊണ്ടുപോകാതിരിക്കാൻ മകൻ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.ബുധനാഴ്ച്ചയാണ് കൊവിഡ് ബാധിച്ച് റിട്ട. അധ്യാപികയും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ 84 കാരി ശിവാനി മരിച്ചത്. മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് മകൻ ഗേറ്റ് പൂട്ടിയത്.
ഒരു കോമ്പൗണ്ടിലുള്ള, രണ്ട് വീടുകളിലാണ് ഇവരുടെ മകനും മകളും താമസിക്കുന്നത് സഹോദരിയുടെ വീട്ടിലേക്ക് പോകാൻ ഈ വഴി മാത്രം ഉള്ള സാഹചര്യത്തിലാണ് മകന്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്.എന്നാൽ, സ്വത്ത് തർക്കമുള്ളതിനാൽ മൃതദേഹം കുടുംബവീട്ടിലൂടെ കൊണ്ടുപോകാൻ പറ്റില്ലെന്ന് മകന്‍ അറിയിക്കുകയായിരുന്നു. കുടുംബവഴക്കിനെത്തുടർന്ന് ഏറെ നാളായി അമ്മ മകളോടൊപ്പമായിരുന്നു താമസം.
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. തുടർന്ന് ചേർത്തലയിൽ നിന്ന് പൊലീസെത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പിൽ മൃതദേഹം എത്തിച്ച് സംസ്കരിച്ചത്. സംഭവത്തിൽ ഇതുവരെ ചേർത്തല പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം, അമ്മയുടെ സംസ്കാരം തടഞ്ഞ മകനും കുടുംബത്തിനും എതിരെ നവമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona