മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ വീട് തീവെച്ച് നശിപ്പിച്ച യുവാവ് റിമാന്‍ഡില്‍

By Web Team  |  First Published Nov 23, 2024, 3:12 AM IST

കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ മാത്രമാണ് ആളപായം ഇല്ലാതിരുന്നത്. എന്നാല്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകളെല്ലാം കത്തിചാമ്പലായി.


കല്‍പ്പറ്റ: അയല്‍വാസിയുടെ വീട് തീവെച്ചു നശിപ്പിച്ചെന്ന കേസില്‍ യുവാവിനെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. നടവയല്‍ എടലാട്ട് നഗര്‍ കേശവന്‍ (32) ആണ് അറസ്റ്റിലായത്. എടലാട്ട് നഗര്‍ പുഞ്ചകുന്നില്‍ താമസിക്കുന്ന ബിനീഷിന്റെ വീടാണ് ഈ മാസം 11ന് രാത്രി ഇയാള്‍ തീ വെച്ച്  നശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നത്. ഇയാള്‍ കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ മാത്രമാണ് ആളപായം ഇല്ലാതിരുന്നത്. എന്നാല്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകളെല്ലാം കത്തിചാമ്പലായി. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും മുഴുവന്‍ വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റു പഠനസാമഗ്രികളും ഉള്‍പ്പെടെ ഒന്നും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം അഗ്നിക്കിരയായി. പ്രതി സ്ഥിരമായി മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ക്രൂര കൃത്യം നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കേശവന്‍ സഹോദരന്മാരായ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നുവെന്നും പോലീസ് അറിയിച്ചു. 

Latest Videos

undefined

സ്റ്റേഷന്‍ ഹൗസ് ഓഫീസർ ദിലീപിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെമ്മി, ഹരിദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, ശിവദാസന്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!