വേനൽ മഴ കനിഞ്ഞില്ല, വയനാട്ടിൽ എട്ടുകോടിയുടെ കൃഷി നാശം; 288 ഹെക്ടറിലെ കുരുമുളക് ഉണങ്ങിപ്പോയി

By Web TeamFirst Published May 14, 2024, 10:12 AM IST
Highlights

കുരുമുളക് കൃഷി മാത്രമല്ല വാഴയും കാപ്പിയും കമുകും അടക്കം ജില്ലയിലെ കർഷകർക്ക് പങ്കുവയ്ക്കാനുള്ളത് വേദന മാത്രമാണ്

പുൽപ്പള്ളി: രൂക്ഷമായ വരൾച്ചയിൽ വയനാട്ടിൽ എട്ടുകോടിയുടെ കൃഷിനാശം. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടറാണ് കൃഷി നശിച്ചത്. മുള്ളൻകൊല്ലി സ്വദേശി വദ്യാധരൻ്റെ കുരുമുളക് തോട്ടം വയനാട്ടിലെ കൃഷി നാശത്തിന്റെ ഉദാഹരണമാണ്. പച്ചപുതച്ചു കിടക്കേണ്ട തോട്ടത്തിൽ കരിഞ്ഞുണങ്ങിയ വള്ളികൾ മാത്രമാണ് കാണാനുള്ളത്. ജില്ലയിൽ ഇതേപോലെ, നിരവധി കുരുമുളക് കർഷകരാണ് കണ്ണീർ കൊയ്തിരിക്കുന്നത്. 

288 ഹെക്ടർ സ്ഥലത്തെ വള്ളികൾ കൊടുംവേനലിൽ വാടിപ്പോയി. അതിൽ 255 ഹെക്ടറും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലാണ്. ചൂട് കനത്തതും വേനൽമഴ കൃത്യമായി കിട്ടാത്തതുമാണ് കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്. കുരുമുളക് കൃഷി മാത്രമല്ല വാഴയും കാപ്പിയും കമുകും അടക്കം ജില്ലയിലെ കർഷകർക്ക് പങ്കുവയ്ക്കാനുള്ളത് വേദന മാത്രമാണ്. 

Latest Videos

ജില്ലയിൽ 323 ഹെക്ടർ വാഴക്കൃഷി നശിച്ചെന്നാണ് കണക്ക്. 58 ഹെക്ടർ കാപ്പി കൃഷി നശിച്ചു. 30 ഏക്കറിൽ കമുക് നാശമുണ്ടായതായും കൃഷിവകുപ്പ് രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചാലേ കർഷകർക്ക് നഷ്ടപരിഹാരം കിട്ടു. അല്ലെങ്കിൽ പ്രത്യേക സഹായ പദ്ധതികൾ തയ്യാറാക്കേണ്ടിവരും. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി തലവനായ കളക്ടർ വയനാടിനെ വരൾച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!