സിസിടിവിയില്ലാത്ത പിന്നിലെ വഴിലൂടെ എത്തി, എക്സോസ്റ്റ് ഫാൻ മാറ്റി ചുമര് തുരന്നു, കണ്ണൂരിൽ മോഷണം

By Web TeamFirst Published Jan 18, 2024, 12:21 AM IST
Highlights
കണ്ണൂരിലെ മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ കവർച്ച. ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപ മോഷ്ടിച്ചു

കണ്ണൂര്‍: കണ്ണൂരിലെ മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ കവർച്ച. ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപ മോഷ്ടിച്ചു. കെട്ടിടത്തിന്‍റെ ചുമര് തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കണ്ണൂർ നഗരമധ്യത്തിലാണ് അതിവിദഗ്ധമായി പണം കവർന്നത്.

ബാങ്ക് റോഡിൽ കാനനൂർ ഡ്രഗ്സ് സെന്‍ററിന്‍റെ മൊത്ത വിതരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പിൻവശത്തെ എക്സോസ്റ്റ് ഫാൻ എടുത്തുമാറ്റി ചുമര് തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഓഫീസിലെ മേശവലിപ്പിനുളളിൽ സൂക്ഷിച്ച 1,85,000 രൂപ കാണാനില്ല. ഇന്നലത്തെ കളക്ഷൻ തുകയാണ് സൂക്ഷിച്ചിരുന്നത്.

Latest Videos

രാവിലെ എട്ടരയോടെ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. സ്ഥാപനത്തിന്‍റെ മുൻവശത്ത് മാത്രമാണ് സിസിടിവി. പുറകിലെ ഇടുങ്ങിയ വഴിയിലൂടെ കടന്നാണ് മോഷ്ടാക്കളെത്തിയതെന്നാണ് നിഗമനം. സ്ഥാപന ഉടമ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഒന്നിലധികം പേർ കവർച്ചയ്ക്കുണ്ടായെന്നാണ് നിഗമനം.

Read more: വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലിയത് ഹാജര്‍ നൽകിയില്ലെന്ന് പറ‍ഞ്ഞ്, ആര്‍ട്സ് ഫെസ്റ്റിവെൽ മാറ്റിവച്ച് യൂണിയൻ

 

അതേസമയം, കാസർകോട് പുത്തിഗെ മുഗുവിലെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ സമയത്ത് 25 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. മുഗുവിലെ പ്രസാദ് റൈയുടെ വീട്ടിലാണ് പട്ടാപ്പകൽ കള്ളൻ കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത്‌ കയറിയത്. തൊട്ടടുത്തുള്ള സുബ്രായ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നരയോടെ വീടുപൂട്ടി എല്ലാവരും ക്ഷേത്രത്തിലേക്ക് പോയിരുന്നു. രണ്ട് മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!