ഹാവൂ, ആശ്വാസമായി! തിരുവനന്തപുരം ന​ഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു, വെള്ളം എത്തിത്തുടങ്ങി

By Web TeamFirst Published Sep 9, 2024, 1:16 AM IST
Highlights

നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല.

തിരുവനന്തപുരം: ന​ഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയ വെള്ളം പല ഭാ​ഗങ്ങളിലും എത്തിത്തുടങ്ങി. പമ്പിങ് തുടങ്ങിയപ്പോൾ ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആറ്റുകാൽ, ഐരാണിമുട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യം വെള്ളം എത്തിത്തുടങ്ങിയത്. രാവിലെയോടെ നഗരപരിധിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളമെത്തിയെന്ന് കോര്‍പ്പറേഷൻ അറിയിച്ചു. ഇതുവരെ കുടിവെള്ള വിതരണത്തിന് തടസമില്ലെന്നും വെള്ളമെത്താത്തതായി പരാതി ഇതുവരെയില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, നേമം, മേലാംകോട് ഭാഗങ്ങളിൽ  വെള്ളം എത്തിയിട്ടില്ലെന്ന് കൗൺസിലർ പറഞ്ഞു.വട്ടിയൂർക്കാവ് , വാഴോട്ട്കോണം ഭാഗത്ത് വെള്ളമെത്തിയിട്ടില്ല. പിടിപി നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് കീഴിലെ വാര്‍ഡുകളില്‍ ഇനിയും വെള്ളമെത്താനുണ്ട്. കരമന, കുരിയാത്തി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളമെത്താനുണ്ട്.  ഉയര്‍ന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ ഇനിയും സമയം എടുക്കും.

Latest Videos

നേരത്തെ, വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും ഒന്നര മണിക്കൂർ വേണമെന്നാണ് വി ശിവൻകുട്ടി പറഞ്ഞത്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്.

നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല. കനത്ത പ്രതിഷേധങ്ങൾക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനക്കുകയായിരുന്നു.

click me!