പൂപ്പാറ ബലാത്സംഗ കേസ്: രണ്ടാം പ്രതിക്ക് 33 വർഷം തടവ്, ഒന്നാം പ്രതി ഒളിവിൽ

By Web TeamFirst Published Jul 27, 2024, 7:49 AM IST
Highlights

ഇതേ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശാന്തൻപാറ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്ക്  കോടതി ഈ വർഷം ജനുവരിയിൽ 90 വർഷം കഠിന തടവ് വിധിച്ചിരുന്നു

ഇടുക്കി: പൂപ്പാറയിലെ ബലാത്സംഗ കേസിൽ രണ്ടാം പ്രതിക്ക് 33 വർഷം തടവ്. ഒന്നാം പ്രതിയിപ്പോഴും ഒളിവിലാണ്. മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേംസിംഗ് അയമിനെയാണ് കുറ്റക്കാരനെന്ന് കണ്ടത്തി കോടതി ശിക്ഷിച്ചത്. 33 വർഷം തടവും ഒന്നര ലക്ഷം പിഴയുമാണ് ശിക്ഷ. പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് ജോൺസൺ എം ഐയാണ് ശിക്ഷ വിധിച്ചത്. 

പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം  അനുവദിക്കാനും കോടതി ഉത്തരവായി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.

Latest Videos

സംഭവം നടന്നത് രണ്ടു വർഷം മുമ്പ്

2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പശ്ചിമ ബംഗാളിൽ നിന്നും ജോലിക്കായി  മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു 15 വയസുകാരിയായ പെൺകുട്ടി. രാജകുമാരിയിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. തുടർന്ന് പെൺകുട്ടിയും കുടുംബവുമായി ഒന്നാം പ്രതി മഹേഷ് കുമാർ യാദവ് സൌഹൃദത്തിലായി. എന്നിട്ട് പെൺകുട്ടിയെ ഖേംസിംഗ് അയം താമസിക്കുന്ന ഖജനാപാറയിലുള്ള  വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെവച്ച് ബലാത്സംഗം  ചെയ്തു. അതിനുശേഷം  പെൺകുട്ടിയെ രണ്ടാംപ്രതി ഖേംസിംഗ് ഭീഷണിപ്പെടുത്തി പൂപ്പാറയിലേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു.

ഒന്നാം പ്രതി ഒളിവിൽ പോയി

ഈ കേസിൽ രണ്ടു പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒന്നാംപ്രതി വിചാരണ വേളയിൽ  ജാമ്യത്തിൽ പോവുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് രണ്ടാം പ്രതിയാണ് നിലവിൽ ഈ കേസിൽ വിചാരണ നേരിട്ടത്. ഇന്ത്യൻ പീനൽ കോഡിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് രണ്ടാം പ്രതിയെ ശിക്ഷിച്ചത്. ഈ സംഭവത്തിന്റെ തുടർച്ചയായി ഇതേ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശാന്തൻപാറ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളെ ഇതേ കോടതി ഈ വർഷം ജനുവരിയിൽ 90 വർഷം കഠിന തടവിന് വിധിച്ചിരുന്നു. രാജാക്കാട് പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ ആയിരുന്ന പങ്കജാക്ഷൻ ബി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!