'ബാത്ത്റൂമിൽ പോകാനും വെള്ളമില്ല': കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം മുടങ്ങി, വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും

By Web TeamFirst Published Mar 22, 2024, 11:34 AM IST
Highlights

നിരന്തരം പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങിയതോടെ പ്രതിസന്ധിയിലായി രോഗികൾ. ജല അതോറിറ്റി ടാങ്കറിൽ വെള്ളമടിക്കുന്നുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് തികയില്ല. കോവൂരിൽ പൈപ്പ് പൊട്ടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

മെഡിക്കൽ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഒന്ന് ടോയ്ലറ്റിൽ പോകണമെങ്കിൽ പോലും ജല അതോറിറ്റിയുടെ ടാങ്കറിൽ നിന്ന് അളന്ന് കിട്ടുന്ന വെള്ളം വേണം. വെള്ളമില്ലാത്തതിനാൽ കുളിക്കാൻ പോലുമാകുന്നില്ലെന്ന് കൂട്ടിരിപ്പുകാർ പറയുന്നു. വെള്ളം ഉണ്ടെങ്കിൽ മാത്രം ബാത്ത്റൂമിൽ പോയാൽ മതിയെന്നാ പറയുന്നതെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞു. 

Latest Videos

കോവൂരിലെ പ്രധാന പൈപ്പ് പൊട്ടിയതോടെ രണ്ട് ദിവസമായി മായനാട്, ഒഴുക്കര, ചേവായൂർ തുടങ്ങിയ സ്ഥലങ്ങളിലൊന്നും വെള്ളം കിട്ടുന്നില്ല. ഒരു ടാങ്കറിന് 1500 രൂപ നൽകിയാണ് കിണറില്ലാത്തവർ വെള്ളം വാങ്ങുന്നത്. ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന  മെഡിക്കൽ കോളേജിൽ സ്ഥിതി രൂക്ഷമാണ്. 

പണി നടക്കുന്നുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. നിരന്തരം പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാസം കോഴിക്കോട് കുന്ദമംഗലത്ത് പൈപ്പ് പൊട്ടിയപ്പോഴും ദിവസങ്ങളോളം വെള്ളം മുടങ്ങിയിരുന്നു.

 

click me!