ഫയലുകൾ കൃത്യമായി പരിശോധിക്കാതെയാണ് പാസ് ആക്കിയതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
കോട്ടയം:കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ടായ ശ്യാം , സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി , അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാർ എന്നിവരെ നഗരസഭ ചെയര്‍പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സസ്പെൻഡ് ചെയ്തു. നഗരസഭ സെക്രട്ടറിയുടെ ശൂപാര്‍ശ പ്രകാരമാണ് നടപടി.
പെൻഷൻ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകൾ കൃത്യമായി പരിശോധിക്കാതെയാണ് പാസ് ആക്കിയതെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പെൻഷൻ വിഭാഗത്തിലെ സെക്ഷൻ ക്ലർക്കായ ബിന്ദു കെ.ജി ചുമതലയേറ്റെടുക്കുമ്പോൾ ഈ വിഭാഗത്തിലിരിക്കാൻ വേണ്ടത്ര യോഗ്യതയില്ലാത്തത് നഗരസഭയെ അറിയിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു. തട്ടിപ്പ് നടത്തിയ അഖിൽ സി വർഗീസിനെ നേരത്തെ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു.