ഒരുമാസം മുതൽ ഒന്നര മാസം വരെ അവധി പറഞ്ഞാണ് ഇയാൾ ഇടുക്കിയിലെ കർഷരിൽ നിന്നും ഏലക്ക വാങ്ങിയത്. ഇതിനായി അടിമാലിയിൽ ഏലയ്ക്ക ഗ്രേഡിംഗ് സെൻ്ററും തുറന്നിരുന്നു.
മൂന്നാർ: ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തയാളെ അടിമാലി പൊലീസ് പിടികൂടി. പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി(42)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇടുക്കിയിലെ അടിമാലി, വെളളത്തൂവൽ, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കർഷകരാണ് മുഹമ്മദ് നസീറിന്‍റെ തട്ടിപ്പിനിരയായത്. വിപണി വിലയേക്കാൾ ആയിരം രൂപ വരെ കൂടുതൽ നൽകാമെന്ന മുഹമ്മദ് നസീറിൻറെ വാഗ്ദാനം വിശ്വസിച്ചവർക്കാണ് പം നഷ്ടമായത്.
ഒരുമാസം മുതൽ ഒന്നര മാസം വരെ അവധി പറഞ്ഞാണ് ഇയാൾ ഇടുക്കിയിലെ കർഷരിൽ നിന്നും ഏലക്ക വാങ്ങിയത്. ഇതിനായി അടിമാലിയിൽ ഏലയ്ക്ക ഗ്രേഡിംഗ് സെൻ്ററും തുറന്നിരുന്നു. എൻ ഗ്രീൻ എന്ന പേരിലുളള സ്ഥാപനത്തിൻറെ മറവിലായിരുന്നു നസീർ ഏലക്ക സംഭരിച്ചിരുന്നത്. തുടക്കത്തിൽ കർഷകർക്ക് കൃത്യമായി പണം കിട്ടി. ഇത് കേട്ടറിഞ്ഞ് നിരവധി പേർ നസീറിനടുത്തെത്തി. കൂടുതൽ വില പ്രതീക്ഷിച്ചെത്തിയ കർഷകരാണ് ഒടുവിൽ വഞ്ചിക്കപ്പെട്ടത്.
പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ ഇടുക്കിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടക്കവേ ആലപ്പുഴയിൽ നിന്നുമാണ് മുഹമ്മദ് നസീറിനെ കസ്റ്റഡിയിലെടുത്തതെന്ന് അടിമാലി എസ്എച്ച്ഒ പ്രിൻസ് ജോസഫ് പറഞ്ഞു. പ്രതിയെ പൊലീസ് അടമാലിയിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മുഹമ്മദ് നസീർ പിടിയിലായതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ അടിമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.