വൻ പലിശ ഓഫറിൽ വീണത് നിരവധി പേർ, തട്ടിയത് 10 കോടിയിലേറെ; ഒളിവിൽ 10 മാസം, ചാവക്കാട് എത്തിയതും പ്രഭാകരൻ കുടുങ്ങി

By Web Team  |  First Published Nov 20, 2024, 10:23 PM IST

പത്തു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്.


തൃശൂര്‍: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അമിത പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളിലൊരാൾ പിടിയിൽ. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ഗുരുവായൂര്‍ തിരുവെങ്കിടം താണിയില്‍ വേലായുധന്‍ മകന്‍ പ്രഭാകരൻ (64) ആണ് പിടിയിലായത്.  നിക്ഷേപകരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ച കേസിലാണ് നടപടി.  ഗുരുവായൂര്‍ അസി. കമ്മിഷണറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

പത്തു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്.ഐ. പ്രീത ബാബുവും പൊലീസ് സംഘവും വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പാവറട്ടി, വാടാനപ്പള്ളി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ അറുപതിലധികം കേസുകളാണ് നിലവിലുള്ളത്. 10 കോടിയിലധികം രൂപയാണ് സംഘം തട്ടിപ്പുനടത്തിയത്. 

Latest Videos

കേസില്‍ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യാന്‍ ബാക്കിയുണ്ട്. ഈ കേസിന് വേണ്ടി ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസുകളുടെ അന്വേഷണം നടത്തി വരുന്നത്. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ. കെ.വി. വിജിത്ത്, സി.പി.ഒമാരായ റോബിന്‍സണ്‍, ഇ.കെ. ഹംദ്, രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More : നിയമവിദ്യാര്‍ഥിനിയെ കാമുകൻ പീഡിപ്പിച്ചു, വീഡിയോ പകർത്തി സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

click me!