വൻകിട ഹോട്ടലിലെ ഡിജെ പാർട്ടിയുടെ മറവിലാണ് സംഘത്തിന്‍റെ ഇപ്പോഴത്തെ ഓപ്പറേഷനുകൾ. എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിന് എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്
തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാ സംഘങ്ങളായ ഓംപ്രകാശും എയർപോർട്ട് സാജനും തമ്മിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇഞ്ചക്കലിലെ സംഘർഷം. വൻകിട ഹോട്ടലിലെ ഡിജെ പാർട്ടിയുടെ മറവിലാണ് സംഘത്തിന്‍റെ ഇപ്പോഴത്തെ ഓപ്പറേഷനുകൾ. എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിന് എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. അപ്രാണി കൃഷ്കുമാർ വധ കേസിൽ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായത്.
ഓം പ്രകാശിന്‍റെ അസാന്നിധ്യത്തിൽ അതുവരെ ഭയന്ന് നിന്നവർ പലരും സ്വന്തം സംഘത്തെ വളർത്തി. എയർപോർട്ട് സാജനൊപ്പം മകൻ ഡാനിയും വളർന്നു. നഗരത്തിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഡാനി വാർത്തയിൽ ഇടം പിടിച്ചത് സ്വന്തം സുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കാല് പിടിപ്പിക്കുന്ന വീഡിയോയിലൂടെയാണ്. ഡാനിയുടെ സംഘം ഉപേക്ഷിച്ചതിനായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ കേസ് ഒഴിച്ച് നിർത്തിയാൽ ഡാനി മറ്റ് കേസുകളിലൊന്നും പ്രതിയല്ല.
അപ്രാണി കേസിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ഓം പ്രകാശ് വീണ്ടും കളത്തിലിറങ്ങി. റിയൽ എസ്റ്റേറ്റ് ഇടപാടും വൻകിട ഹോട്ടലിലെ ഡിജെ പാർട്ടികളുമായിരുന്നു പ്രധാന വരുമാനമാർഗം. പരസ്യമായ ക്വട്ടേഷൻ ഇടപാടുകളില്ലായിരുന്നു. പാറ്റൂരിൽ കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് വ്യവസായിയായ നിധിനിനെ ഓം പ്രകാശിന്‍റെ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളികളായി നിധിനും ഓം പ്രകാശും തമ്മിൽ പണം പങ്കുവെക്കുന്നതിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായി ഓം പ്രകാശിന്‍റെ സംഘത്തെ നിധിനിന്‍റെ കൂട്ടാളകിൾ ആക്രമിക്കുകയും ഒളിവിൽ പുോകുകയും ചെയ്തു.
അക്രമിസംഘത്തിന് അന്ന് ഒളിത്താവളം അടക്കമുള്ള സഹായം ചെയ്തത് ഡാനിയാണ്. കേസിൽ ഒളിവിലായിരുന്ന ഓം പ്രകാശിനെ ഗോവയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പിന്നാലെ കൊച്ചിയിൽ വൻകിട ഹോട്ടലിലെ ലഹരി പാർട്ടിയുടെ പേരിലും ഓം പ്രകാശ് പിടിയിലായി. കഴിഞ്ഞ ഏതാനും കാലമായി എയർപോർട്ട് സാജന്‍റെ മകൻ ഡാനിയാണ് തലസ്ഥാനത്തെ ഡിജെ പാർട്ടികളുടെ പ്രധാന സംഘാടകൻ. ഇതിനിടയിൽ ഡിജെ പരിപാടികളുമായി ഓം പ്രകാശും തലസ്ഥാനത്ത് സജീവമാണ്. ഇഞ്ചക്കലിൽ ഡാനി സംഘടിപ്പിച്ച ഡിജെ പാർട്ടിയിലേക്ക് ഓം പ്രകാശ് എത്തി സംഘർഷമുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണ് എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഗുണ്ടകൾ തമ്മിലുള്ള പഴയ കുടിപ്പകയുടെ തുടർച്ചയാണോ പ്രശ്നം എന്നും പൊലീസ് അന്വേഷിക്കുന്നു.
undefined