അനിയൻ യുവാവിനെ മർദ്ദിച്ചുകൊന്നു, കുറ്റമേറ്റ് അമ്മ, പൊലീസ് ചോദ്യം ചെയ്യലിൽ പതറി, അറസ്റ്റ്

By Web TeamFirst Published Sep 6, 2024, 2:58 PM IST
Highlights

ജി ഐ പൈപ്പ് ഉപയോഗിച്ചുള്ള അടിയേറ്റ് നിലത്ത് വീണ യുവാവിനെ വലിച്ച് വീടിന്റെ പുറകിലുള്ള കവുങ്ങിന്റെ ചുവട്ടിൽ കൊണ്ട് ചെന്ന് വീണ്ടും മർദ്ദിച്ചതിന് പിന്നാലെയാണ് 31കാരൻ മരിക്കുന്നത്

ഇടുക്കി: ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അനിയന്റെ മർദനമേറ്റ് സഹോദരൻ മരിച്ചു. സംഭവത്തിൽ 31കാരനായ യുവാവിന്റെ സഹോദരനും മാതാവും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടത്ത് പുത്തൻവീട്ടിൽ അഖിലിനെയാണ് (31) വീടിൻ്റെ സമീപത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അനുജൻ അജിത്ത് (29), മാതാവ് തുളസി ( 51 ) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. 

മൂന്നാം തീയതി വൈകിട്ട് അമ്മ തുളസിയും അജിത്തും കൂടി വീട്ടിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ഈ സമയത്താണ് മദ്യപിച്ച് അഖിൽ വീട്ടിലേക്ക് ചെന്നത്. അജിത്തും അഖിലും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് അജിത്ത് വീട്ടിലെ ടിവി അടിച്ച് തകർത്തു. ഇവർ തമ്മിലുള്ള വഴക്കിന് മധ്യസ്ഥത പറയുന്നതിന് വേണ്ടി അമ്മ തുളസി ഇടപെട്ടു.  അഖിൽ ഇതിനിടയിൽ തുളസിയെ പിടിച്ചു തള്ളി തുളസി നിലത്തേക്ക് വീഴുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അജിത്ത് തൊട്ടടുത്തിരുന്ന ജി ഐ പൈപ്പ് ഉപയോഗിച്ച് അജിത്തിന്റെ തലക്കെട്ട് അടിക്കുകയായിരുന്നു. ഇത് കണ്ട തുളസി വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുന്നതിനായി ഓടി. 

Latest Videos

ഇതിനിടയിൽ അജിത്ത് അഖിലിനെ വീട്ടിന്റെ അകത്തുനിന്നും വലിച്ച് വീടിന്റെ പുറകിലുള്ള കവുങ്ങിന്റെ ചുവട്ടിൽ കൊണ്ടിട്ടു. അവിടെക്കിടന്ന് വെള്ളമടിക്കാൻ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. ബന്ധുക്കളും തുളസിയും വരുന്നതിനു മുമ്പായി അജിത്ത് അഖിലിന്റെ കഴുത്തിൽ പിടിച്ചു നിൽക്കുകയും ചവിട്ടുകയും ചെയ്തു. ബന്ധുക്കളും തുളസി വരുമ്പോൾ മരിച്ചുകിടക്കുന്ന അഖിലിനെയാണ് കണ്ടത്. കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മ കുറ്റം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ അമ്മ അടിപതറുകയായിരുന്നു.

ഇന്നലെ കൊലപാതകമെന്ന് സംശയം തോന്നിയത് കൊണ്ട് അജിത്തിനെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിൽ അജിത്തിനെ രക്ഷിക്കുന്നതിനു വേണ്ടി തുളസിയാണ് കൊലപാതകം ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് സംശയം തോന്നിയതിനെ തുടർന്ന് ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അജിത്താണ് ഇതെല്ലാം ചെയ്തതെന്ന് സമ്മതിച്ചത്. ഒന്നാം പ്രതിയായ അജിത്തിനെയും തെളിവ് നശിപ്പിക്കുന്നതിന് തുളസിയുടെ പേരിലും കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പീരുമേട് പ്ലാത്ത് പുത്തൻവീട്ടിൽ പൊലീസ്  ഇവരുമായി എത്തി തെളിവെടുപ്പ് നടത്തി. 

മൂന്നാം  തീയതി രാത്രിയിൽ ആണ് അഖിലിനെ ദുരൂഹ സാഹചര്യത്തിൽ പീരുമേട് പ്ലാക്കത്തടത്തെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. അന്ന് ലഭിച്ച മൊഴികളുടെ  അടിസ്ഥാനത്തിൽ  പോലീസിന് കൊലപാതകമെന്ന് സംശയം തോന്നിയതിനെ തുടർന്ന്  ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീട്ടിൽ മദ്യപാനവുമായി ബന്ധപ്പെട്ട് നിരന്തരം അസ്വാരസ്യങ്ങൾ ഉള്ളതായി സമീപവാസികളിൽ നിന്ന് പോലീസിന് മൊഴിയും ലഭിച്ചിരുന്നു. ഇന്നലെ  വീട്ടിൽ ഡോഗ് സ്ക്വാഡ് വിരൽ അടയാള വിദഗ്ധർ എന്നിവർ സ്ഥാലത്ത് എത്തി  പരിശോധന നടത്തി.  ഇന്നലെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. പ്ലാക്കത്തടത്ത് വീട്ടിൽ നിലവിൽ അമ്മ തുളസിയും മക്കളായ അജിത്തും അഖിലുമാണ് താമസിച്ചിരുന്നത്. തുളസി ബാബു ദമ്പതികളുടെ മൂത്ത മകനാണ് മരിച്ച അഖിൽ. പിതാവ് ബാബു 2018ൽ മരണമടഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!