ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
കാസര്‍കോട്: കാസര്‍കോട് മുന്നാട് സ്വദേശിയായ കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
2017 ആഗസ്റ്റ് 18 നാണ് കായികാധ്യാപികയായ മുന്നാട് സ്വദേശി പ്രീതി ആത്മഹത്യ ചെയ്തത്. ദേശിയ കബഡി താരം കൂടിയായിരുന്നു ഇവര്‍. പ്രീതിയുടെ ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, ഭര്‍ത്താവിന്‍റെ അമ്മ ശ്രീലത എന്നിവരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭര്‍തൃപിതാവായ രമേശന്‍ വിചാരണക്കിടയില്‍ മരിച്ചിരുന്നു.
undefined
ആത്മഹത്യാ പ്രേരണയില്‍ രാകേഷ് കൃഷ്ണയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും ശ്രീലതയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഗാര്‍ഹിക പീഡനത്തില് ഇരുവര്‍ക്കും രണ്ട് വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. മകളെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അനിത പറഞ്ഞു. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)