കൊവിഡ് 19: മലപ്പുറം ജില്ലയിൽ 800 കടന്ന് രോഗികൾ, ജാഗ്രത പാലിക്കാൻ നിർദ്ദേശം

By Web Team  |  First Published Sep 26, 2020, 8:23 PM IST

രോഗബാധിതരായവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 18 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 


മലപ്പുറം: ജില്ലയിൽ ഇതാദ്യമായി ഒരു ദിവസം കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം 800 കടന്നു. രണ്ട് ദിവസം തുടർച്ചയായി 700ൽപ്പരം രോഗബാധിതർ റിപ്പോർട്ട് ചെയ്തതിനു പിറകെയാണ് ഇന്ന് ജില്ലയിൽ 826 പേർക്ക് രോഗബാധ സ്ഥരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലയിൽ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 

ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് കൊവിഡ് വ്യാപനത്തിൽ ജില്ലയിലുള്ളത്. ഈ ഘട്ടത്തിൽ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും ഇക്കാര്യത്തിൽ ഉപേക്ഷ പാടില്ലെന്നും കളക്ടർ ആവർത്തിച്ച് വ്യക്തമാക്കി. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 756 പേർ രോഗബാധിതരായപ്പോൾ ഉറവിടമറിയാതെ 41 പേർക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 

Latest Videos

undefined

നേരിട്ടുള്ള സമ്പർക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വർദ്ധവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 

രോഗബാധിതരായവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 18 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 486 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായത്. ഇതുവരെ 14,661 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

click me!