സംഭവത്തിന്റെ ഭീകരത വെളിവാക്കി യുവതിയെ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കൂടിയായ യുവാവിന്റെ കുറിപ്പ് പുറത്തുവന്നു.
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായിരുന്ന രാഹുലിനെതിരേ വീണ്ടും കേസെടുത്തിരുന്നു. സംഭവത്തിന്റെ ഭീകരത വെളിവാക്കി യുവതിയെ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കൂടിയായ യുവാവിന്റെ കുറിപ്പ് പുറത്തുവന്നു. ഒളവണ്ണ മേഖലാ ജോയിന്റെ സെക്രട്ടറി ഋതുല്‍ കുമാറാണ് തന്റെ അനുഭവം ഫേസ്ബുക്കിൽ കുറിപ്പായി പങ്കുവച്ചത്. രാഹുലും അമ്മയും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്‌ഐ ഒളവണ്ണ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഋതുൽ ഓടിച്ച ആംബുലന്‍സിലായിരുന്നു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ടവരാണ് വാഹനത്തില്‍ എന്നറിഞ്ഞിരുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആംബുലന്‍സില്‍ വച്ച് യുവതിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ചുണ്ട് അടിച്ചുപൊട്ടിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. വാഹനം മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുന്‍പ് രാഹുല്‍ ഇറങ്ങി ഓടുകയായിരുന്നു. സാധാരണയായി പെട്രോള്‍ അടിക്കാനുള്ള പണം മാത്രമാണ് രോഗികളില്‍ നിന്നും വാങ്ങാറുള്ളത്. ഇവരുടെ പക്കല്‍ നിന്നും ഒരു രൂപ പോലും ലഭിച്ചില്ല എന്നുകൂടി സൂചിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
undefined
ഇന്നലെ രാത്രിയിലാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം ശരിയായില്ലെന്ന് പറഞ്ഞ് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ ബി ഗോപാല്‍ മര്‍ദ്ദിച്ചുവെന്നാണ് യുവതി അധികൃതരോട് പറഞ്ഞത്. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ തനിക്ക് പരാതിയില്ലെന്ന് പറയുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇവര്‍ രക്ഷിതാക്കള്‍ക്കൊപ്പമെത്തി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നനു.
കഴിഞ്ഞ മെയില്‍ സമാനമായ രീതിയില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഏറെ വിവാദമായിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചു. എന്നാല്‍ പിന്നീട് യുവതി പരാതി പിന്‍വലിക്കുകയും രാഹുലിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചു. വിവാദങ്ങള്‍ കെട്ടടങ്ങി വരുന്നതിനിടെയാണ് വീണ്ടും മര്‍ദ്ദന ആരോപണവും പൊലീസ് നടപടികളും ഉണ്ടായിരിക്കുന്നത്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍; റിമാൻഡ് ചെയ്ത് കോടതി