താമരശ്ശേരിയില്‍ 'ഭായ്'മാര്‍ തമ്മിൽ കയ്യാങ്കളി, ബാര്‍ബര്‍ ഷോപ്പിലെ കത്രികകൊണ്ട് കുത്തി, യുപി വരെ നീണ്ട അടി!

By Web TeamFirst Published Feb 6, 2024, 9:36 PM IST
Highlights

ഇടത് കൈക്ക് മുറിവേറ്റ റാഷിദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ ഹഫീമിനും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇയാള്‍ ഇതുവരെ ചികിത്സ തേടിയിട്ടില്ല.

കോഴിക്കോട്: താമരശ്ശേരിയില്‍ യു.പി സ്വദേശികളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷം നീണ്ടത് യുപി വരെ. ഉത്തർ പ്രദേശിലെ മുറാദാബാദ് സ്വദേശിയായ മുഹമ്മദ് റാഷിദ് ഇയാളുടെ നാട്ടുകാരന്‍ തന്നെയായ ഹഫീം എന്നിവര്‍ തമ്മിലാണ് കഴിഞ്ഞ ദിവസം അടിപിടി ഉണ്ടായത്. താമരശ്ശേരി ചുങ്കത്ത് നിഷ എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് റാഷിദ്. ഹഫീം നേരത്തെ ഇവിടെ ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ കോഴിക്കോടുണ്ടായ വഴക്കാണ് നീണ്ട് യുപിയിലുള്ള ബന്ധുക്കൾ തമ്മിലടിക്കുന്നത് വരെ എത്തിയത്.

മുഹമ്മദ് റാഷിദിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്ത വകയില്‍ തനിക്ക് ലഭിക്കാനുള്ള 9000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ഹഫീം ബാര്‍ബര്‍ ഷോപ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തുകയും പിന്നീട് മേശയുടെ മുകളില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹഫീം തന്നെ കുത്തുകയുമായിരുന്നു എന്നാണ് റാഷിദ് പറയുന്നത്. വയറിന് കുത്താനുള്ള ശ്രമം റാഷിദ് കൈകള്‍ കൊണ്ട് തടയുകയായിരുന്നു. 

Latest Videos

ഇടത് കൈക്ക് മുറിവേറ്റ റാഷിദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ ഹഫീമിനും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇയാള്‍ ഇതുവരെ ചികിത്സ തേടിയിട്ടില്ല. ഇതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. നാട്ടുകാര്‍ തമ്മില്‍ കേരളത്തില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതിഫലനം അങ്ങ് മുറാദാബാദിലും സംഭവിച്ചു. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ കേരളത്തിലെ അടിയെ ചൊല്ലി ഉത്തർപ്രദേശിൽ തമ്മിലടിച്ചതായി മുഹമ്മദ് റാഷിദ് പറഞ്ഞു. ഏതായാലും താമരശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബാര്‍ബര്‍ ഷോപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

Read More : ഡെൽഹി രജിസ്ട്രേഷൻ കാറിൽ മലയാളി യുവതിയും 2 യുവാക്കളും; പരിശോധനയിൽ അകത്ത് കഞ്ചാവും അനധികൃത മദ്യവും, അറസ്റ്റ്

click me!