അവർക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൌകര്യം ഒരുക്കാൻ പറ്റി. അത്രേയുള്ളൂവെന്നാണ് നടപടിയേക്കുറിച്ച് കേന്ദ്ര മന്ത്രി പ്രതികരിക്കുന്നത്
ആലപ്പുഴ: ജപ്തി ഭീഷണി നേരിട്ട നിർധന കുടുംബത്തിന് ആധാരം പണമടച്ച് തിരിച്ചെടുത്ത് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്‍റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരികെ എടുത്ത് നൽകിയത്. രാജപ്പന്‍റെ ഭാര്യ മിനി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിലാണ്.
മകൾ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. കൊച്ചുമകൾ ആരഭിയും മജ്ജയിൽ ക്യാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ആരഭിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഓണം കഴിഞ്ഞാല്‍ ജപ്തി ചെയ്യുമെന്ന കേരള ബാങ്കിന്‍റെ ഭീഷണി ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഈ അവസ്ഥയിലാണ് ഇവരുടെ വീടിന്‍റെ ആധാരം 1,70,000 രൂപ അടച്ച് സുരേഷ് ഗോപി ബാങ്കിൽ നിന്ന് വീണ്ടെടുത്തത്. ''ഇവർക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യം ഒരുക്കാൻ പറ്റി. അത്രേയുള്ളൂ'' - കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ചികിത്സയുടെ കാര്യത്തിന് ഡോക്ടർമാരുമായി ബന്ധപ്പെട്ടിരുന്നു. മജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മജ്ജ ദാനം ചെയ്യുന്നവർക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വീട് ജപ്തി ചെയ്തിട്ടില്ലെന്നും അദാലത്തിലൂടെ വായ്പ തുക കുറച്ച് നല്‍കിയെന്നുമാണ് കേരള ബാങ്കിന്‍റെ വിശദീകരണം. രണ്ട് ലക്ഷം രൂപയാണ് രാജപ്പന്‍റെ മകൻ രാംജിത്ത് വായ്പ എടുത്തിരുന്നത്. കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കിയതോടെ യാതൊരു റിക്കവറി നടപടികളും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് അദാലത്തില്‍ പങ്കെടുപ്പിച്ച് പലിശ പൂര്‍ണമായി ഒഴിവാക്കി 1,70,000 രൂപ ഒറ്റത്തവണ തീര്‍പ്പാക്കിയാല്‍ മതിയെന്ന് അറിയിച്ചിരുന്നുവെന്നും കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിയ്ക്കലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോയും അറിയിച്ചു.