'പൊഴികൾ മുറിച്ച് വെള്ളം ഒഴുക്കി വിട്ടു'; വെള്ളക്കെട്ട് ഭീഷണിയിൽ നിന്ന് മോചനം നേടിയത് നൂറുക്കണക്കിന് വീടുകള്‍

By Web TeamFirst Published May 24, 2024, 2:14 PM IST
Highlights

മഴ ശക്തി പ്രാപിച്ചതോടെ കടലോരത്തെ വീടുകളെല്ലാം വെള്ളക്കെട്ടിലായിരുന്നു. തുടര്‍ന്നാണ് പൊഴികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മുറിച്ചത്.

മാരാരിക്കുളം: പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പൊഴികള്‍ മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിയതോടെ നൂറുക്കണക്കിന് വീടുകള്‍ക്ക് വെള്ളക്കെട്ട് ഭീഷണിയില്‍ നിന്ന് മോചനം. രണ്ടു ദിവസമായി മഴ ശക്തി പ്രാപിച്ചതോടെ കടലോരത്തെ വീടുകളെല്ലാം വെള്ളക്കെട്ടിലായിരുന്നു. ഇതേ തുടര്‍ന്നാണ് പൊഴികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മുറിച്ചത്.

മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളുടെ പരിധിയിലുള്ള തിയശേരി പൊഴി രണ്ട് യന്ത്രങ്ങള്‍ ഉപയോഗിച്ച് മുറിച്ച് വെള്ളം ഒഴുക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രദേശത്തെ അറയ്ക്കല്‍, കാരിപ്പൊഴി, വാഴക്കൂട്ടം, ചെറിയ പൊഴി, ഓടാപ്പൊഴികളും മുറിച്ച് കെട്ടി നിന്ന വെള്ളം കടലിലേക്ക് ഒഴുക്കി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, എസ് സന്തോഷ് ലാല്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. 

Latest Videos

അതേസമയം, സംസ്ഥാനത്ത് 27-ാം തീയതി വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 26ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും 27ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

'ഡി.ജെ മ്യൂസിക്കിന് നിരോധനം, ബൈക്കുകളും തുറന്ന വാഹനങ്ങളും വേണ്ട': ജൂൺ 4ന് കർശന നിയന്ത്രണങ്ങൾ 
 

click me!