പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ ജനതയെ ചേർത്തു നിർത്തുന്നതിനൊപ്പം കലാകാരന്മാരെയും പരിഗണിക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.
തൊടുപുഴ: സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതിനു പിന്നാലെ, വിവിധ ക്ലബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കാനുള്ള ആലോചന തുടങ്ങിയതോടെ ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ. പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ ജനതയെ ചേർത്തു നിർത്തുന്നതിനൊപ്പം കലാകാരന്മാരെയും പരിഗണിക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.
മാസങ്ങൾക്കു മുൻപേ, ഓണാഘോഷത്തിന്റെ ഭാഗമായി ബുക്ക് ചെയ്ത കലാപരിപാടികൾ പലതും സംഘാടകർ വിളിച്ചു റദ്ദാക്കുകയാണെന്ന് കലാകാരന്മാർ പറയുന്നു. ഗാനമേള, നാടൻപാട്ട് തുടങ്ങിയ പരിപാടികളാണ് ഇതിൽ കൂടുതലും. നേരത്തെ ബുക്ക് ചെയ്തിരുന്ന ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ പലരും റദ്ദാക്കിത്തുടങ്ങി. ഇതോടെ ഓണപ്പരിപാടികൾ സ്വപ്നം കണ്ടിരുന്ന സ്റ്റേജ് കലാകാരന്മാർ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിലുള്ളവർ നിരാശയിലാണ്. മേയ് പകുതിയോടെ ഉത്സവകാലം അവസാനിച്ചാൽ പിന്നെ കലാകാരൻമാരുടെ പ്രതീക്ഷ പുതിയ സീസൺ തുടങ്ങുന്ന ഓണക്കാലമാണ്.
സീസൺ പ്രോഗ്രാമിൽ നിന്നു മിച്ചം പിടിച്ചതും പലരിൽ നിന്നു കടം വാങ്ങിയതും കൊണ്ടാണ് ഇതിനിടയിലുള്ള മാസങ്ങളിൽ പല കലാകാരന്മാരും കുടുംബം പുലർത്തുന്നത്. എന്നാൽ ഈ ഓണക്കാലത്ത് കലാപരിപാടികൾ നടക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. പരിചയത്തിന്റെ പേരിൽ വാക്കാൽ ലഭിച്ച ബുക്കിങ്ങുകളാണ് പലതും. ആലോചിച്ച് പറയാമെന്ന മറുപടിയിൽ നിന്ന്, റദ്ദാക്കിയെന്ന് മനസ്സിലാകുന്നതായി കലാകാരന്മാർ പറയുന്നു. ഗാനമേള, നാടൻപാട്ട് തുടങ്ങിയ പരിപാടികളുടെ ബുക്കിങ്ങാണ് സംഘാടകർ പിൻവലിച്ചു തുടങ്ങിയത്. ഇതോടെ മൈക്ക് സെറ്റ്, ലൈറ്റ്, പന്തൽ തൊഴിലാളികളും ആശങ്കയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം