ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ തട്ടിപ്പ്; ചെലവേറിയ വഴിപാടുകൾക്ക് രസീത് എഴുതിയ ശേഷം ഒരു ഫോൺ കോൾ, ആൾ മുങ്ങും

By Web TeamFirst Published Aug 12, 2024, 6:09 AM IST
Highlights

ഫോൺ വിളിക്കുന്നത് സ്വന്തം അച്ഛനെന്ന രീതിയിലാണ് ജീവനക്കാ‍ർക്ക് മുന്നിൽ വെച്ച് സംസാരിക്കുക. അവരുടെ വിശ്വാസം നേടിയ ശേഷം പണവുമായി മുങ്ങും

കൊച്ചി: അമ്പലങ്ങളില്‍ വഴിപാട് നടത്താനെന്ന പേരിലെത്തി പണം തട്ടി മുങ്ങുന്ന ഒരു തട്ടിപ്പുകാരൻ ഇറങ്ങിയിട്ടുണ്ട് കൊച്ചിയില്‍. നഗരത്തിലും പരിസരത്തുമായി അര ഡസനിലേറെ ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ വഴിപാട് കള്ളന്‍ കഴിഞ്ഞ ദിവസം പണം തട്ടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കള്ളനെ പിടികൂടാനുള്ള അന്വേഷണം നടത്തുകയാണ് പൊലീസ്. 

നാട്ടിലെ പലതരത്തിലുള്ള തട്ടിപ്പുകാർക്കിടയിലേക്ക് ഇപ്പോൾ ഇറങ്ങിയിട്ടുള്ള പുതിയൊരു തട്ടിപ്പുകാരനാണ് ഈ 'വഴിപാട് കള്ളൻ'. വളരെ ലളിതമാണ് പുതിയ തട്ടിപ്പിന്റെ രീതി. ക്ഷേത്രങ്ങളിലെത്തി വഴിപാട് കൗണ്ടറിൽ ചെന്ന് വലിയ തുകയുടെ വഴിപാടുകൾ പറയുകയാണ് ആദ്യ പടി. രസീത് എഴുതി കഴിയുമ്പോൾ എന്തെങ്കിലും ഒരു ആവശ്യം പറഞ്ഞ് ഒരു തുക ചോദിക്കും. വഴിപാട് തുകയോടൊപ്പം അത് ഗൂഗിൾ പേയിൽ നൽകാമെന്ന് അറിയിക്കും. വലിയ തുകയുടെ വഴിപാട് രസീത് എഴുതിയിട്ടുള്ളതിനാലും ചോദിക്കുന്ന തുക അതിനേക്കാൾ വളരെ കുറവായതിനാലും കൗണ്ടറിൽ ഇരിക്കുന്നവർ പണം കൊടുക്കും. ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോകുന്നയാളിനെ പിന്നീട് കാണില്ല. ഇത്തരത്തിൽ നഗരത്തിലെ പല ക്ഷേത്രങ്ങളിൽ നിന്ന് പണം തട്ടിയ വാർത്തകളാണ് പുറത്തുവരുന്നത്.

Latest Videos

തൃപ്പൂണിത്തുറ തറമേക്കാവ് ഭഗവതി ക്ഷേത്രമാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്ന ഒരു സ്ഥലം. രാവിലെ 8.45ഓടെയാണ് തട്ടുപ്പുകാരൻ ക്ഷേത്രത്തിൽ എത്തിയതെന്ന് മേൽശാന്തി സൂര്യദേവ് പറഞ്ഞു. വലിയ ചിലവുള്ള രണ്ട് വഴിപാടുകൾ വേണമെന്ന് കൗണ്ടറിലുണ്ടായിരുന്ന മാനേജറോട് പറഞ്ഞു. വിലാസം വാങ്ങി, രസീത് എഴുതിയപ്പോഴേക്കും ഒരു ഫോൺ കോൾ വന്നു. മറുഭാഗത്ത് ഇയാളുടെ അച്ഛനാണെന്ന തരത്തിലായിരുന്നു സംസാരം. വഴിപാടുകളെക്കുറിച്ച് വിശദമായി ഫോണിലൂടെയും സംസാരിച്ചു. ഇതോടെ ജീവനക്കാർക്ക് വിശ്വാസമായി. 

ഇതിനിടെ താൻ വന്ന ടാക്സി വാഹനം ഒന്ന് പറഞ്ഞയക്കണമെന്നും 1500 രൂപ തരാമോ എന്നും ചോദിച്ചു. വാഹനം പറഞ്ഞുവിട്ട ശേഷം എല്ലാ പണവും ഒരുമിച്ച് നൽകുമെന്ന ധാരണയിൽ ജീവനക്കാർ പണം നൽകി. ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളിനെ പിന്നെ കണ്ടില്ല. ക്ഷേത്രത്തിൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണമില്ല. വൈകുന്നേരം ആൾ വരുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. പിറ്റേദിവസമാണ് പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരാളെത്തി പണവുമായി മുങ്ങിയെന്ന വിവരം അറിയുന്നത്. ക്ഷേത്രത്തിൽ കൊടുത്ത വിലാസം അന്വേഷിച്ചപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തി. എന്തായാലും ആളിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ഇത് വെച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!