കുറുക്കന്‍മൂലയില്‍ കടുവക്ക് മുമ്പില്‍ 'തോറ്റു', വാകേരിയില്‍ കൂട്ടിലായി; കർഷകനെ കൊന്ന കടുവ ഇനി തൃശ്ശൂരിൽ

By Web TeamFirst Published Dec 19, 2023, 10:25 AM IST
Highlights

വാകേരിയിലേതിന് സമാനമായി രണ്ട് കുങ്കിയാനകള്‍, മൂന്ന് ഡ്രോണുകള്‍, 36 ക്യാമറ ട്രാപ്പുകള്‍. ഇതിനെല്ലാം പുറമെ അഞ്ച് കൂടുകള്‍ എന്നിട്ടും വനംവകുപ്പിന് പിടികൊടുത്തില്ല കുറുക്കന്‍മൂലയിലെ കടുവ. 

കല്‍പ്പറ്റ:  വയനാട് വാകേരിയിൽ ഭീതി വിതച്ച കടുവയെ തൃശ്ശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുത്തൂരിലെത്തിച്ചത്.  2021-ല്‍ ഇതുപോലെയൊരു ഡിസംബര്‍ മാസം തന്നെയായിരുന്നു കുറുക്കന്‍മൂലയിലെ ജനങ്ങളെയും വനംവകുപ്പിനെയും ഒരു പോലെ ഒരു കടുവ വട്ടം കറക്കിയത്. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് സ്ഥലത്ത് നിന്ന് തന്നെ കടുവ മുങ്ങി. മണ്ണുമാന്തി യന്ത്രമടക്കം ഉപയോഗിച്ച് റോഡ് നിര്‍മിച്ച് പോലും കാടിനുള്ളില്‍ വരെ തിരച്ചില്‍ നടത്തിയിട്ടും കടുവയെ പിടികിട്ടാതെ ദൗത്യം ഒടുവില്‍ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. മനുഷ്യനെ ആക്രമിച്ചതൊഴിച്ചാല്‍ വാകേരിയിലേതിന് സമാനമായ അവസ്ഥയായിരുന്നു കുറുക്കന്‍മൂലയിലേതും. സന്നാഹങ്ങള്‍ ഒരുക്കിയതും സമാനരീതിയിലായിരുന്നു.  

ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ഇരുനൂറിലധികം വരുന്ന വനം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തി. 127 വാച്ചര്‍മാര്‍, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 29 ഫോറസ്റ്റര്‍മാര്‍, എട്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, അഞ്ച് ഡി.എഫ്.ഒമാര്‍, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ കുറുക്കന്‍ മൂലയില്‍ തമ്പടിച്ചിരുന്നു. സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനായുള്ള ശ്രമങ്ങളായിരുന്നു നടത്തിയിരുന്നത്. 

Latest Videos

വാകേരിയിലേതിന് സമാനമായി രണ്ട് കുങ്കിയാനകള്‍, മൂന്ന് ഡ്രോണുകള്‍, 36 ക്യാമറ ട്രാപ്പുകള്‍. ഇതിനെല്ലാം പുറമെ അഞ്ച് കൂടുകള്‍ എന്നിട്ടും വനംവകുപ്പിന് പിടികൊടുത്തില്ല കുറുക്കന്‍മൂലയിലെ കടുവ. 30 ദിവസത്തിനിടെ പതിനേഴ് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയ വില്ലന്‍ വനംവകുപ്പിനെ അക്ഷരാര്‍ഥത്തില്‍ തോല്‍പ്പിച്ചാണ് നൈസായി കുറുക്കന്‍മൂല വിട്ടുപോയത്. വെടിയും പുകയും അടങ്ങിയിട്ടും പത്ത് നാള്‍ കടുവക്കായി ദൗത്യസംഘം കാത്തിരുന്നതിന് ശേഷമായിരുന്നു കുറുക്കന്‍മൂലയിലിറങ്ങിയ കടുവക്ക് മുമ്പില്‍ വനംവകുപ്പ് 'അടിയറവ്' പറഞ്ഞത്.

വയനാട്ടിലെ മറ്റിടങ്ങളെ അപേക്ഷിച്ച് പ്രത്യേക തരം ഭൂപ്രകൃതിയും വിശാലമായ തോട്ടങ്ങളുമുള്ള വാകേരിയില്‍ പക്ഷേ കടുവക്ക് കീഴടങ്ങാതെ നിവൃത്തിയില്ലായിരുന്നു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് രാവും പകലും ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ചായിരുന്നു ദൗത്യം. ഒടുവില്‍ WWL-45 എന്ന നരഭോജിക്ക് കൂട്ടില്‍ കയറാതെ നിവൃത്തിയില്ലായിരുന്നു. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീമിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം നയതന്ത്രത്തോടെയാണ് കാര്യങ്ങള്‍ നീക്കിയത്. പോലീസും ജനങ്ങളുടെ വികാരത്തെ മാനിച്ച് പെരുമാറുന്നത് ഓരോ പ്രതിഷേധമുണ്ടാകുമ്പോഴും കാണാനായി. 

ജനപ്രതിനിധികള്‍ ജനങ്ങളെ നയിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ നിസ്സഹായ അവസ്ഥ മനസിലാക്കാതിരുന്നില്ല. പത്താം ദിവസം കടുവ കൂട്ടിലകപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു ഇത്തരമൊരു പ്രതിഷേധം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനമാകുമ്പോള്‍ കടുവകള്‍ കാടിറങ്ങുന്ന സംഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് വനംവകുപ്പ്. എന്നാല്‍ ഓരോ പ്രശ്‌നത്തിലും ജനങ്ങളുടെ വികാരം കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം തന്നെയാണ് സര്‍ക്കാരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഏതായാലും പ്രജീഷിന്റെ മരണത്തോടെ അത്താണിയില്ലാതായ കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ പാലിക്കണമെന്ന ആവശ്യവും ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

Read More :  'ന്‍റെ മോളെ ഓര് കൊന്നതാണ്, ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചു'; ഷഫ്നയുടെ മരണം കൊലപാതകമെന്ന് കുടുംബം

click me!