Latest Videos

രാവിലെ 7 മണി, തട്ടിവിളിച്ചിട്ടും ഉണരാതെ ബസ് യാത്രക്കാരൻ; ബാഗെടുത്തതും ഉണര്‍ന്നു, പിടികൂടിയത് 65 ലക്ഷം രൂപ

By Web TeamFirst Published Jul 1, 2024, 10:53 PM IST
Highlights

മൂന്ന് പൊതികളും കീറി പുറത്തെടുത്ത പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 64.5 ലക്ഷം രൂപയായിരുന്നു

പാലക്കാട്: രേഖകകളില്ലാതെ സ്വകാര്യ യാത്ര ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപയുമായി ഹൈദരാബാദുകാരൻ പിടിയിൽ. ഹൈദരാബാദ് സ്വദേശി രാമശേഖർ റെഡ്ഡിയെയാണ് വാഹന പരിശോധനക്കിടെ വാളയാറിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കുമളിയിൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പണവുമായി പോവുകയാണെന്നാണ് പിടിയിലായ റെഡ്ഢിയുടെ വിശദീകരണം. 

ഇന്ന് രാവിലെ ഏഴു മണിക്കാണ് സംഭവം. വാളയാര്‍ ചെക്ക് പോസ്റ്റിലെ എക്സൈസിൻറ പതിവു പരിശോധനയായിരുന്നു. ഹൈദരാബാദിൽ നിന്നും വന്ന സ്വകാര്യ യാത്രാ ബസ്  പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ നിര്‍ത്തിച്ചു. യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഓരോ യാത്രക്കാരനെയും പരിശോധിച്ചെത്തിയ ഉദ്യോഗസ്ഥര്‍ രാമശേഖര്‍ റെഡ്ഡിക്കരികിലുമെത്തി. വിളിച്ചുണര്‍ത്തിയെങ്കിലും രാമശേഖര്‍ തിരിഞ്ഞു കിടന്ന് കണ്ണടച്ചു. തലയ്ക്കുവെച്ച ബാഗ് പരിശോധനക്ക് എടുത്ത ശേഷം ഉറങ്ങിക്കോളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ റെഡ്ഡി പരുങ്ങി. ബാഗ് തുറന്നപ്പോൾ ഭദ്രമാക്കി വെച്ച മൂന്നു കെട്ടുകൾ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബാഗിൻറെ അടുത്ത അറ തുറക്കുമ്പോഴേക്കും റെഡ്ഢി ഉറക്കമെല്ലാം വിട്ട് ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ കൈകൂപ്പി. അത് കഞ്ചാവല്ല പണമാണെന്നായിരുന്നു റെഡ്ഡിയുടെ മൊഴി.

മൂന്ന് പൊതികളും കീറി പുറത്തെടുത്ത പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 64.5 ലക്ഷം രൂപയായിരുന്നു. ഹൈദരാബാദിൽ നിന്നും കൊച്ചിയിൽ എത്തി അവിടെ നിന്നും കുമളിയിലേക്ക് കൊണ്ടുപോകാനായിരുന്നു പ്ലാൻ. പണത്തിന് രേഖകൾ ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണങ്ങൾക്ക് രാമശേഖർ റെഡ്ഡിയെ ആദായ വകുപ്പിന് കൈമാറി.
 

click me!