തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.
കണ്ണൂർ: കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിൽ. തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുക, സഹായം നൽകാൻ കാരുണ്യ പ്രവർത്തനം നടത്തുന്ന ആളുകൾ ഉണ്ടെന്ന് വിശ്വസിപ്പിക്കുക, പണം കൈക്കലാക്കി മുങ്ങുക.. ഇതാണ് കുഞ്ഞുമോന്റെ പതിവ് രീതി. കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് കാസർഗോഡ് സ്വദേശിയെ ഇയാള്‍ പരിചയപ്പെടുന്നത്. മകളുടെ കല്യാണത്തിന് സാമ്പത്തികമായി പ്രതിസന്ധി ഉണ്ടെന്ന് പരാതിക്കാരൻ നിന്നും മനസ്സിലാക്കിയ കുഞ്ഞുമോൻ പദ്ധതി ഉണ്ടാക്കി. കല്യാണത്തിനായി വാങ്ങിയ സ്വർണവും ബില്ലുമായി കണ്ണൂരിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ കാരുണ്യ പ്രവർത്തകൻ സഹായിക്കാൻ തയ്യാറായി നിൽപ്പുണ്ടെന്ന് പറഞ്ഞു. നാല് പവൻ സ്വർണവുമായി എത്തിയ കാസർഗോഡ് സ്വദേശിയുമൊത്ത് ആശുപത്രിയിലെത്തി. സ്വർണ്ണവും ബില്ലും കാണിച്ച് ആളെ വിശ്വസിപ്പിച്ചു പണവുമായി വരാമെന്ന് പറഞ്ഞ് മുങ്ങി.
തട്ടിപ്പിനിരയായി എന്ന് മനസ്സിലായതോടെ കാസർഗോഡ് സ്വദേശി പൊലീസിൽ പരാതി നൽകി. ആശുപത്രിയിലെ സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ മൈസൂരിൽ നിന്ന് കുഞ്ഞുമോൻ പിടിയിലായി.മ ലപ്പുറം ഇടുക്കി തൃശ്ശൂർ തുടങ്ങിയ ജില്ലകളിലും ഇയാൾക്കെതിരെ സമാനമായ കേസുകളിൽ പരാതിയുണ്ട്. ജയിലിൽ നിന്ന് ഇറങ്ങി ഒന്നരമാസം കഴിയുന്നതിനു മുന്നേയാണ് പുതിയ തട്ടിപ്പ്. സലീം റിയാസ് എന്ന വ്യാജ പേരുകളും ഇയാൾ ആളുകളെ കബളിപ്പിക്കാൻ ഉപയോഗിച്ചു.