കാവലിന് വിദേശയിനം നായ, ആയുധങ്ങൾ, ബാബുരാജിന്‍റെ ലക്ഷ്യം വേറെ; സിനിമാ സ്റ്റൈലിൽ വീടു വളഞ്ഞു, കിട്ടിയത് ലഹരി!

By Web Team  |  First Published Mar 21, 2024, 4:28 PM IST

പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ ഇയാൾ വീട്ടിൽ വിദേശയിനം നായകളെ വളർത്തിയിരുന്നു. ഇവരെ വിദഗ്ധമായി കൂട്ടിലാക്കിയാണ് അന്വേഷണ സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടിയത്.


ഓങ്ങല്ലൂർ: പാലക്കാട് വൻ ലഹരി മരുന്ന് വേട്ട. പാലക്കാട് എക്സൈസ് ടീമിന്‍റേയും പൊലീസിന്‍റെയും നേതൃത്വത്തിൽ നടന്ന റെയ്ഡിൽ  5.15 കിലോഗ്രാം കഞ്ചാവും 38.856 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഓങ്ങല്ലൂർ പരുത്തി സ്വദേശി  ബാബുരാജ് ആണ് അറസ്റ്റിലായത്.  കാവൽ നായ്ക്കളുള്ള വീട്ടിൽ സിനിമാ സ്റ്റൈലിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാബുരാജിന്‍റെ വീട്ടിൽ എക്സൈസും പൊലീസും പരിശോധനയ്ക്കെത്തിയത്. എന്നാൽ പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ ഇയാൾ വീട്ടിൽ വിദേശയിനം നായകളെ വളർത്തിയിരുന്നു. ഇവരെ വിദഗ്ധമായി കൂട്ടിലാക്കിയാണ് അന്വേഷണ സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടിയത്.

Latest Videos

undefined

കുളപ്പുള്ളി, പരുത്തിപ്ര, വാടാനാംകുറുശ്ശി ഭാഗങ്ങളിൽ യുവജനങ്ങൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പ്രതി ബാബുരാജെന്ന് എക്സൈസ് സംഘം അറിയിച്ചു. പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറിന്റെ നിർദ്ദേശപ്രകാരമാണ്  സംയുക്ത സംഘം ബാബുരാജിന്‍റെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.

പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ വി. റോബർട്ടിന്‍റെ നേതൃത്വത്തിൽ ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ വിജേഷ് ലീഡ് ചെയ്ത എക്സൈസ് സംഘവും, ഷൊർണ്ണൂർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസിർ രഞ്ജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയ്‌ഡിൽ പങ്കെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. 

Read More :  വയനാട്ടിലുണ്ടൊരു കഴുകൻ റെസ്റ്റോറന്‍റ് ! കൂട്ടത്തോടെയെത്തി തിന്നുതീർക്കും, സംഗതി സക്സസ്

click me!