പ്ലൈവുഡുമായി ഒഡീഷയിലേക്ക് പോകും, കഞ്ചാവുമായി തിരികെവരും; ഒടുവിൽ മനുവിന് കുരുക്കിട്ട് പൊലീസ്

By Web Team  |  First Published Jun 2, 2022, 11:25 PM IST

പ്രതിയുടെ ഭാര്യ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ വിറകിനിടയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.


ആലപ്പുഴ: ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ പാലക്കാവിൽ തറയിൽ വീട്ടിൽ മുരളി മകൻ മനു (25) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന്  ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയുടെ ഭാര്യ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ വിറകിനിടയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

കേരളത്തിൽ നിന്ന് പ്ലൈവുഡുമായി ഒഡീഷയിലേക്ക് പോകുന്ന വണ്ടിയുടെ ഡ്രൈവർ ആണ് മനു. അവിടുന്ന് നാട്ടിലേക്ക് വരുമ്പോൾ അഞ്ചും പത്തും കിലോ കഞ്ചാവ് വാങ്ങി കായംകുളം ഐക്യജംഗ്ഷൻ കേന്ദ്രികരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകി വന്നിരുന്നത്. ഓരോ പ്രാവശ്യവും കൊണ്ടുവരുന്ന കഞ്ചാവ് ക്വട്ടേഷൻ സംഘങ്ങൾക്ക് കൊടുത്തതിന് ശേഷം മാത്രമേ മറ്റ് ഉപഭോക്താക്കൾക്ക് കൊടുക്കുവാൻ സമ്മതിക്കാറുള്ളൂ. നേരത്തേ കായംകുളം പൊലീസ് സ്റ്റേഷനിൽ തന്നെ പോക്സോ കേസിലും പ്രതിയായിട്ടുള്ള ആളാണ് മനു.

Latest Videos

ആന്ധ്ര, ഒഡീഷാ എന്നിവിടങ്ങളിൽനിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം കെ ബിനുകുമാർ, കായംകുളം ഡിവൈഎസ്പി അലക്സ് ബേബി എന്നിവരുടെ മേൽനോട്ടത്തിൽ സിഐ ജയകുമാർ, എസ്ഐ ശ്രീകുമാർ, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ഇല്യാസ്, എഎസ്ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

click me!