അഞ്ച് ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും അത് വിൽപന നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസുകാർ പിടിച്ചെടുത്തു.
തൃശൂർ: കൊണ്ടയൂരിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പല്ലൂർ സ്വദേശിയായ പ്രദീപ് (54) ആണ് പിടിയിലായത്. അഞ്ച് ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇയാൾ മദ്യ വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജീൻ സൈമണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ.രാമകൃഷ്ണൻ, പി.പി.കൃഷ്ണകുമാർ, വി.പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഇ.ടി.രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിനോ, അനിൽ, മാർട്ടിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ തൃശ്ശൂർ താലൂക്ക് മാടക്കത്തറ വില്ലേജ് ചെട്ടിക്കാട് ദേശത്ത് വിനീഷ് എന്ന യുവാവും അറസ്റ്റിലായി. കരുവാൻകാട് ദേശത്ത് വെച്ചാണ് അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഇയാൾ എക്സൈസിന്‍റെ പിടിയിലായത്. ഇയാൾ മദ്യവിൽപ്പനക്ക് ഉപയോഗിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
പ്രദേശത്ത് 'മൗഗ്ലി വിനീഷ്' എന്നറിയപ്പെടുന്ന യുവാവിനെക്കുറിച്ച് കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വിക്ക് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെഎം സജീവും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപ്പന നടത്തുന്ന ഇയാളെ പിടികൂടുന്നത് ശ്രമകരമായിരുന്നുവെന്നും കരുവാൻകാട് ദേശത്ത് പ്രതി മദ്യം വിൽക്കുന്നതിനിടെയാണ് വളഞ്ഞ് പിടികൂടിയതെന്നും എക്സൈസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം