മലയാളി പൊളിയില്ലേ! ജയറാമിനും ലുലുവിനും മിൽമയ്ക്കും പിന്നാലെ സര്‍ക്കാരും എത്തി: കുട്ടിക്കര്‍ഷകര്‍ക്ക് ആശ്വാസം

By Web TeamFirst Published Jan 16, 2024, 5:34 PM IST
Highlights

മലയാളി പൊളിയില്ലേ, അങ്ങനെയൊന്നും വീഴാൻ സമ്മതിക്കില്ല! ജയറാമിനും ലുലുവിനും മിൽമയും താങ്ങായ കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വക 5ഗര്‍ഭിണി പശുക്കൾ
 

തൊടുപുഴ: ഭക്ഷ്യ വിഷബാധ മൂലം 13 പശുക്കളെ നഷ്ടപ്പെട്ട വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് ആശ്വാസമേകി സംസ്ഥാന സർക്കാർ. കെ എൽ ഡി ബി യുടെ മാട്ടുപ്പെട്ടി ഫാമിൽ നിന്നും എത്തിച്ച അത്യുൽപ്പാദനശേഷിയുള്ള എച്ച്എഫ് ഇനത്തിൽപ്പെട്ട  ഗർഭിണികളായ അഞ്ച് പശുക്കളെ ഇൻഷ്വറൻസ് പരിരക്ഷയോടുകൂടി മുഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കുട്ടികൾക്ക് കൈമാറി.  

ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പഞ്ചായത്തിൽ മാത്യു ബെന്നി കിഴക്കേ പറമ്പിൽ എന്ന വിദ്യാർത്ഥി കർഷകന്റെ 22 പശുക്കളുള്ള ഫാമിൽ തീറ്റ വിഷബാധമൂലം 13 ഉരുക്കൾ മരണപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് മാത്യു ബെന്നിയുടെ വീട്ടിൽ എത്തിയിരുന്നു. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ പശുക്കൾ. പിതാവിന്റെ മരണം മൂലം അനാഥമായ കുടുംബത്തിന്റെ ഉത്തരവിദിത്വം ഏറ്റെടുത്ത് പ്രതികൂല ജീവിത സാഹചര്യത്തിൽ പശു വളർത്തലിലൂടെ ഏവർക്കും അഭിമാനവും, മാതൃകയുമായി മാറിയ മാത്യുവിന് കഴിയുന്ന എല്ലാ സഹായങ്ങളും പിന്തുണയും സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും നൽകിയിരുന്നു.  

Latest Videos

അതിനോടൊപ്പം മിൽമ എറണാകുളം മേഖലാ യൂണിയൻ വാഗ്ദാനം ചെയ്ത അടിയന്തിരധനസഹായമായ 45000 രൂപയും, കേരളാ ഫീഡ്സ് സൗജന്യമായി നൽകിയ ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും കൈമാറി. 2021ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേടിയ ആളാണ് മാത്യു.  മാത്യുവിന്റെ ഈ മേഖലയോടുള്ള താൽപ്പര്യം മനസ്സിലാക്കി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പശു വളർത്തലിന് ആവശ്യമായ സഹായങ്ങൾ മുൻകാലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.  റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ഗോവര്‍ധിനി, ഗ്രാമപഞ്ചായത്ത് എസ് എല്‍ ബി പി, കറവപ്പശു വിതരണം, തീറ്റപ്പുല്‍ കൃഷി ധനസഹായം, കറവപ്പശുവിന് കാലിത്തീറ്റ വിതരണം, ധാതുലവണ വിതരണം മുതലായ നിരവധി പദ്ധതികളിലൂടെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും സര്‍ക്കാരിന്റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി ഉറപ്പു നല്‍കി. 

എല്ലാ ക്ഷീരകര്‍ഷകരും ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തി മൃഗസംരക്ഷണ മേഖലയെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, കേരളാ ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ആർ രാജീവ്, കേരളാ ഫീഡ്സ്  മാനേജിംഗ് ഡയറക്ടർ ബി ശ്രീകുമാർ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ  കുട്ടിക്കര്‍ഷകർക്കും കുടുംബത്തിനും നിരവധി മേഖലകളിൽ നിന്ന് സഹായ ഹസ്തമെത്തിയിരുന്നു കുട്ടികൾക്ക് പത്ത് പശുക്കളെ നൽകുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. പശുക്കളെ വാങ്ങാനായി ലുലു ഗ്രൂപ്പ് 5 ലക്ഷം രൂപ കുടംബത്തിന് കൈമാറി കൈമാറുകയും ചെയ്തു. നേരത്തെ നടന്മാരായ ജയറാമും മമ്മൂട്ടിയും പൃത്വിരാജും പശുക്കളെ വാങ്ങാനായി സഹായം പ്രഖ്യാപിച്ചിരുന്നു. കുട്ടി കർഷകന്‍റെ പശുക്കൾ ചത്ത വാർത്തയറിഞ്ഞ് നടൻ ജയറാം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. തുടർന്ന് പശുക്കളെ വാങ്ങാനായി 5 ലക്ഷം രൂപ നൽകി. പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണം കുട്ടി കര്‍ഷകര്‍ക്ക് ജയറാം നല്‍കി.  

ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തിയാണ് ജയറാം തുക കൈമാറിയത്. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും സഹായം നൽകും.  പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡും മാത്യൂവിനെ തേടിയെത്തിയിരുന്നു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ഈ കുട്ടി കര്‍ഷകനെ തേടിയെത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു. 

ന്യൂയർ ദിനത്തിലാണ് തൊടുപുഴയ്ക്ക് സമീപം വെള്ളിയാമറ്റത്ത് പതിനഞ്ചുകാരന്‍ മാത്യൂ നടത്തിയിരുന്ന ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്.  ഡിസംബര്‍ മുപ്പത്തിയൊന്ന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചെയുമായാണ് പശുക്കള്‍  ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. 

സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ്; നഷ്ടപ്പെട്ടാൽ അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാമെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!