ചെലവ് 100 കോടി! സൂപ്പറാകാൻ കേരളം, കായലിന് കുറുകെ ഏറ്റവും നീളമുള്ള പാലം; സ്വപ്ന കുതിപ്പിന് ഒരുങ്ങി ഒരു നാട്

By Web Team  |  First Published Sep 23, 2023, 7:27 PM IST

ചേര്‍ത്തലയില്‍ നിന്ന് 19 കിലോമീറ്റർ പിന്നിട്ടാല്‍ പാണാവള്ളി എത്തും. പിന്നെ ബോട്ടില്‍ വേമ്പനാട്ട് കായല്‍ കടന്നാല്‍ പെരുമ്പളം ദ്വീപിൽ എത്താം.


കോട്ടയം: കേരളത്തില്‍ കായലിന് കുറുകെയുള്ള ഏറ്റവും നീളമുള്ള പെരുമ്പളം പാലം യാഥാര്‍ഥ്യമാകാന്‍ ഇനി മാസങ്ങള്‍ മാത്രം. വേമ്പനാട് കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി സുന്ദരമായ പെരുമ്പളം ദ്വീപിനെ വടുതലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഏഴുപത് ശതമാനം ജോലികളും പൂർത്തിയായി. അര നൂറ്റാണ്ട് കാലമായുള്ള ദീപിലെ ജനങ്ങളുടെ സ്വപ്നമാണ് ഒരു കിലോമീറ്ററിലധികം നീളമുള്ള പാലത്തിലൂടെ പൂവണിയുന്നത്. 

ചേര്‍ത്തലയില്‍ നിന്ന് 19 കിലോമീറ്റർ പിന്നിട്ടാല്‍ പാണാവള്ളി എത്തും. പിന്നെ ബോട്ടില്‍ വേമ്പനാട്ട് കായല്‍ കടന്നാല്‍ പെരുമ്പളം ദ്വീപിൽ എത്താം. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. ഈ ദ്വീപിൽ താമസിക്കുന്നത് മൂവായിരം കുടുംബങ്ങളാണ്. ബോട്ടോ ജങ്കാറോ മാത്രമാണ് പുറം ലോകത്തേക്കുള്ള ഏക ആശ്രയം. 15 വര്‍ഷം മുമ്പ് ഈ സൗകര്യം പോലുമില്ലായിരുന്നു. ഒടുവിൽ ഭരണകൂടം കണ്ണു തുറന്നതോടെ 2019ല്‍ പെരുമ്പളത്തെ പാണാവള്ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതിയായി.

Latest Videos

പക്ഷേ നിർമ്മാണ കരാറിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം രണ്ട് വർഷത്തോളം പണി തടസപ്പെട്ടു. ഒടുവിൽ ഊരാളുങ്കൽ ലേബര്‍ സൊസൈറ്റി ജോലി ഏറ്റെടുത്തു. ഇപ്പോള്‍ 70 ശതമാനം ജോലിയും പൂർത്തിയായിരിക്കുകയാണ്. 1115 മീറ്റർ നീളമാണ് പാലത്തിനുള്ളത്. നിര്‍മാണ ചെലവ് നൂറ് കോടിയാണ്. 81 ഗര്‍ഡറില്‍ 60 എണ്ണവും 30 സ്ലാബുകളില്‍ 12 എണ്ണവും പൂര്‍ത്തിയായി കഴിഞ്ഞു. പാലം പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്തും വലിയ മാറ്റവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.  

അതേസമയം, ദേശീയപാത 544 മണ്ണുത്തി - വടക്കഞ്ചേരി മേഖലയില്‍ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവടങ്ങളില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്ന നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ടി എന്‍ പ്രതാപന്‍ എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു മാസത്തിനകം എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് പണി ആരംഭിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാത അതോറിറ്റി പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എംപി അറിയിച്ചിരുന്നു. 

വള്ളങ്ങൾ നിറയെ ചെറുമത്തി; വലിപ്പം ആറ് മുതൽ എട്ട് സെന്‍റിമീറ്റർ വരെ മാത്രം, ബോട്ടുകൾ പിടിച്ചു; കർശന നടപടികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!