കോഴിക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് പെട്ടിക്കണക്കിന് സ്‍ഫോടക വസ്തുക്കൾ; അന്വേഷണം തുടങ്ങി

By Web TeamFirst Published Feb 5, 2024, 2:03 PM IST
Highlights

ഇതുവഴി സഞ്ചരിക്കുകയായിരുന്ന പ്രദേശവാസികയാണ് പെട്ടികളിൽ നിറച്ച ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. നിരവധി പാറ ക്വാറികളുള്ള പ്രദേശത്താണ് ഇവ കണ്ടെത്തിയത്. 

കോഴിക്കോട്: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട വലിയ പറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്തായാണ് എട്ട് ബോക്സുകളിലായി നിരവധി ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ഇതുവഴി പോയ പ്രദേശവാസിയാണ് വൈകീട്ടോടെ പെട്ടികള്‍ കണ്ടത്. തുടര്‍ന്ന് അടുത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെ സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി ഇവ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രണ്ട് പെട്ടികള്‍ പൊട്ടിയ നിലയിലും മറ്റുള്ളവ പൊട്ടിക്കാത്ത നിലയിലുമാണ് കാണപ്പെട്ടത്. സ്‌ഫോടക വസ്തു ശേഖരം ആരുടേതാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ഇവിടങ്ങളിലേക്ക് പാറ പൊട്ടിക്കാനായി എത്തിച്ചവയാണോ എന്നും സംശയമുണ്ട്. അതേസമയം ഇത്രയധികം സ്‍ഫോടക വസ്തുക്കള്‍ കണ്ടത് നാട്ടുകാരിലും ആശങ്കയുളവാക്കിയിട്ടുണ്ട്. സംഭവത്തിലെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തുവരുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!