ഒരിടത്ത് പണി നടക്കുമ്പോൾ നഗരത്തിലാകെ വെള്ളം മുടങ്ങുന്നത് എങ്ങനെ? ജനങ്ങളുടെ സ്ഥിതി ദയനീയമെന്ന് പ്രതിപക്ഷനേതാവ്

By Web TeamFirst Published Sep 8, 2024, 9:10 PM IST
Highlights

45 അഞ്ച് വാർഡുകളിൽ കുടിവെള്ളം കിട്ടാതായിട്ട് നാല്  ദിവസമായി. ഇന്ന് വൈകുന്നേരം നാല് മണിക്ക് പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്കും പാഴായി.

തിരുവനന്തപുരം:ഒരിടത്ത് പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  നഗരത്തിലെ 45 അഞ്ച് വാർഡുകളിൽ കുടിവെള്ളം കിട്ടാതായിട്ട് നാല്  ദിവസമായി. ഇന്ന് വൈകുന്നേരം നാല് മണിക്ക് പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്കും പാഴായി. എപ്പോൾ പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്നതിൽ ഒരു വ്യക്തതയുമില്ല. കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ടാങ്കറിൽ കൊണ്ടു വരുന്ന ജലം ഒന്നിനും തികയുന്നില്ല. അതു തന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികൾ വീടുകൾ വിട്ട് പോകേണ്ട അവസ്ഥയാണ്. നാളെ  സ്കൂളിൽ പോകേണ്ട കുട്ടികളുടെയും ജോലി ആവശ്യങ്ങൾക്ക് പോകേണ്ടവരുടെയും സ്ഥിതി ദയനീയമാണ്. 

Latest Videos

റെയിൽവെ ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി ഒരിടത്ത് പണി നടക്കുമ്പോൾ എങ്ങനെയാണ് നഗരത്തിലാകെ കുടിവെള്ള വിതരണം മുടങ്ങുന്നത്? ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായി. ഇതേ കുറിച്ച് ഗൗരവമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. ജനത്തിൻ്റെ കുടിവെള്ളം മുട്ടിയപ്പോൾ ബദൽ  മാർഗങ്ങൾ ഉണ്ടാക്കുന്നതിൽ കോർപ്പറേഷനും പരാജയപ്പെട്ടു.  കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കോർപ്പറേഷനും സർക്കാരും അടിയന്തിരമായി ഇടപെടണം.

അതേസമയം, തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.

കുടിവെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാൽ ഓണപ്പരീക്ഷ അടുത്ത സാഹചര്യത്തിൽ അവധി നൽകുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  നേരത്തെ, വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. 
വീണ്ടും ഒന്നര മണിക്കൂർ വേണമെന്നാണ് വി ശിവൻകുട്ടി പറയുന്നത്. 

4 ദിവസമായി 44 വാർഡുകളിൽ കുടിവെള്ളമില്ലാതെ തലസ്ഥാന ന​ഗരം; കുറ്റകരമായ അനാസ്ഥയെന്ന് വികെ പ്രശാന്ത് എംഎൽഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!