അസാധാരണ നടപടിയുമായി ട്വന്റി20; കുന്നത്തുനാട്ടിൽ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

By Web TeamFirst Published Oct 16, 2024, 9:42 AM IST
Highlights

ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചു, ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തി, വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങൾ അവർ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

കൊച്ചി: ട്വന്റി20 ഭരിക്കുന്ന ഏക പഞ്ചായത്തായ കുന്നത്തുനാട്ടിൽ അസാധാരണ നടപടി. അവിശ്വാസത്തിലൂടെ സ്വന്തം പ്രസിഡന്റിനെ പുറത്താക്കി. രാജിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് എം.വി. നിതമോൾ രാജി ആവശ്യം നിരസിച്ചതോടെയാണ് അസാധാരണ നടപടിയിലേക്ക് നീങ്ങിയത്. വൈസ് പ്രസിഡന്റ് റോയ് ഔസേഫ് പ്രമേയം അവതരിപ്പിച്ചുയ ട്വന്റി 20-യിലെ മറ്റംഗങ്ങൾ പ്രമേയത്തെ അനു‌കൂലിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ക്രിമിനൽ സം ഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചു, ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തി, നിയമപരമായി അയോ​ഗ്യനായ സിപിഎമ്മിലെ നിസാർ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവത്കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുമായി ചേർന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങൾ അവർ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതികുമാർ യോഗം നിയന്ത്രിച്ചു.

Latest Videos

യു.ഡി.എഫിലെ അഞ്ച് അംഗങ്ങളും ട്വന്റി 20-യിലെ 11 അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. യുഡിഎഫ് അം​ഗങ്ങൾ വോട്ട് ചെയ്തില്ല. ട്വന്റി20യിലെ 10 അം​ഗങ്ങൾ പ്രസിഡന്റിനെതിരായി വോട്ട് ചെയ്തു. അടുത്ത ഒരുമാസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. സിപിഎം അം​ഗങ്ങൾ എത്തിയില്ല. അതേസമയം, നിതമോൾ തനിക്കെതിരേ ഉയർ ന്ന ആരോപണങ്ങൾ നിഷേധിച്ചു. പാർട്ടിയുടെ തെറ്റായ നിർദേശങ്ങൾക്ക് അനുസരിക്കാൻ തയ്യാറാത്തതിനെ തുടർന്നാണ് തന്നെ ഒഴിവാക്കിയതെന്ന് ഇവർ പറഞ്ഞു. 

Asianet News Live

click me!