പേരൂർക്കട സ്വദേശി അശ്വ ഘോഷിനെ ആണ് സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത്. ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയിൽ വീഴാതെ വിദ്യാർത്ഥി രക്ഷപ്പെട്ടു.
തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിനെ സമർത്ഥമായി തടഞ്ഞ് സൈബർ തട്ടിപ്പ് സംഘത്തെ കുരുക്കി വിദ്യാർത്ഥി. തിരുവനന്തപുരം പേരൂർക്കട സ്വദേശി അശ്വഘോഷാണ് ഡിജിറ്റൽ അറസ്റ്റിന് ശ്രമിച്ച സംഘത്തെ ക്യാമറയിൽ പകർത്തി തട്ടിപ്പ് പൊളിച്ചത്. ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയിൽ വീഴാതെ വിദ്യാർത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. അശ്വഘോഷ് ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടേതെന്ന പേരിലെത്തിയ കോളിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോൺ നമ്പറിലൂടെ അനുവാദമില്ലാതെ മൊസ്സേജുകൾ ലഭിച്ചതിന് പരാതി കിട്ടിയിട്ടുണ്ടെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മുംബൈ സൈബർ സെല്ലുമായി ബന്ധപ്പെടാനും പറഞ്ഞു. തട്ടിപ്പ് മനസ്സിലായതോടെ സംഘത്തെ കുടുക്കാൻ തന്നെ അശ്വഘോഷ് തീരുമാനിച്ചു.
തട്ടിപ്പ് സംഘം കോൾ നേരെ സെറ്റിട്ട മുംബൈ സൈബർ പൊലീസിൻ്റെ അടുത്തേക്ക് കണക്ട് ചെയ്തു. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈബർ സെക്യൂരിറ്റി കോഴ്സ് വിദ്യാർത്ഥി കൂടിയായ അശ്വഘോഷിന് വ്യക്തമായി അറിയാമായിരുന്നു. വഴങ്ങില്ലെന്ന് മനസ്സിലായതോടെ തട്ടിപ്പ് സംഘം വാക്കേറ്റവും തുടങ്ങി. അശ്വഘോഷ് വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോൾ കട്ട് ചെയ്ത് തട്ടിപ്പ് സംഘം രക്ഷപ്പെട്ടു. ഫോണുകളിലേക്ക് എത്തുന്ന തട്ടിപ്പ് കോളുകലെ ജാഗ്രതയോടെ കൈകാര്യം ചെയ്താൽ മതിയെന്ന് അശ്വഘോഷ്.