60 രൂപക്ക് സാധാ ഊൺ, നോൺവെജ് വേണമെങ്കിൽ 99, ലഞ്ച് ബോക്സുമായി കുടുംബശ്രീ; ഒരുമാസത്തേക്ക് ബുക്ക് ചെയ്യാം!

By Web Team  |  First Published Mar 6, 2024, 11:14 AM IST

ശ്രീകാര്യത്താണ് പ്രത്യേകം അടുക്കള തയ്യാറാക്കിയിട്ടുള്ളത്. പരിശീലനം നേടിയ പത്ത് പേരുണ്ട് പാചകക്കാരായി. ഊണെത്തിക്കാൻ പത്തു പേർ വേറെയും.


തിരുവനന്തപുരം: വീട്ടിൽ നിന്ന് ആഹാരം എടുക്കാൻ നേരമില്ലാതെ ഓഫീസിലേക്ക് ഇറങ്ങി ഓടിയവരാണോ നിങ്ങൾ. ഒട്ടും വിഷമിക്കേണ്ട നിങ്ങൾക്ക് ആശ്വാസമാകാൻ ഇനി കുടുംബശ്രീയുടെ ലഞ്ച് ബെൽ ഉണ്ട്. പോക്കറ്റ് മാര്‍ട്ടിൽ കയറി ഓര്‍ഡര്‍ ചെയ്താൽ പിന്നെ പോക്കറ്റും കാലിയാകില്ല. ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി, ചമ്മന്തി- 60 രൂപയ്ക്കാണ് കുടുംബശ്രീയുടെ ലഞ്ച് ബോക്സ്. നോൺ വെജ് വിഭവങ്ങൾ കൂടി വേണ്ടവരാണെങ്കിൽ പ്രീമിയം ഊൺ ബുക്ക് ചെയ്യാം. 99 രൂപ കൊടുത്താൽ മതി. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് പോക്കറ്റ്മാർട്ട് വഴിയാണ് ഓർഡറുകൾ ശേഖരിക്കും. ഒരു ദിവസത്തേക്ക് മാത്രമായും ഒരു മാസത്തേക്ക് മുൻകൂട്ടിയും ഉച്ചഭക്ഷണം ബുക്ക് ചെയ്യാം. 

Latest Videos

ശ്രീകാര്യത്താണ് പ്രത്യേകം അടുക്കള തയ്യാറാക്കിയിട്ടുള്ളത്. പരിശീലനം നേടിയ പത്ത് പേരുണ്ട് പാചകക്കാരായി. ഊണെത്തിക്കാൻ പത്തു പേർ വേറെയും. തലേന്നോ രാവിലെ പരമാവധി ഏഴ് മണിവരെയോ ഓര്‍ഡര്‍ നൽകാം. രാവിലെ പത്തിന് ഊണ് റഡിയാകും. 12 ന് മുമ്പെ ഊണെത്തിക്കും. സ്റ്റീൽ പാത്രങ്ങളിലാണ് വിതരണം. രണ്ടു മണിക്കു ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാൻ കുടുംബശ്രീ പ്രവർത്തകർതന്നെയെത്തും. ആദ്യഘട്ടത്തിൽ തലസ്ഥാനത്താണ് പദ്ധതി ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ്ഭവൻ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുക. വിജയകരമായാൽ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

click me!