'അസുഖം വന്നപ്പോൾ പോലും അവർ സ്വൈര്യം കൊടുത്തില്ല, ഇവിടെന്താ ലോഡ്ജാണോ ഇറങ്ങിവരാൻ പറയുമായിരുന്നു': ഷബ്നയുടെ ഉമ്മ

By Web TeamFirst Published Dec 8, 2023, 2:44 PM IST
Highlights

തളരരുത്, താനുണ്ടെന്ന് മകള്‍ക്ക് മനസ്സിന് ശക്തി കൊടുക്കാറുണ്ടായിരുന്നുവെന്ന് ഉമ്മ

കോഴിക്കോട്: 10 വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞതു മുതല്‍ തന്‍റെ മകള്‍ ഭര്‍തൃ വീട്ടില്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ജീവനൊടുക്കിയ ഷബ്നയുടെ ഉമ്മ. അസുഖമായിട്ട് കിടക്കുമ്പോള്‍ പോലും ഒരു സ്വൈര്യവും അവര്‍ കൊടുത്തില്ല. ഇവിടെന്താ ലോഡ്ജ് റൂമാണോ ഇറങ്ങിവരാന്‍ പറയുമായിരുന്നു. തളരരുത്, താനുണ്ടെന്ന് മകള്‍ക്ക് മനസ്സിന് ശക്തി കൊടുക്കാറുണ്ടായിരുന്നുവെന്നും ഉമ്മ പറഞ്ഞു

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് ഷബ്നയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്. ഷബ്നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മ മുറിയിൽ കയറി വാതിലടച്ചത് അറിയിച്ചിട്ടും തടയാൻ ആരും ശ്രമിച്ചില്ലെന്ന് മകൾ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്‍റെ ബന്ധുക്കൾ ഷബ്നയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. 

Latest Videos

തനിക്ക് വെള്ളം തന്ന ശേഷം ഉമ്മ മുകളില്‍ പോയി. ഉമ്മ എന്നിട്ട് വാതിലടച്ചു. താന്‍ പോയി വിളിച്ചു. എന്തോ കരയുന്ന ശബ്ദം കേട്ടു. താന്‍ പോയി പറഞ്ഞപ്പോള്‍ വാതില്‍ തുറക്കേണ്ട, മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നാണ് അച്ഛന്‍റെ സഹോദരി പറഞ്ഞതെന്ന് 10 വയസ്സുകാരി മൊഴി നല്‍കി. കുറേപ്പേര്‍ ഉണ്ടായിരുന്നു. ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് മകള്‍ പറഞ്ഞു. 

ആയഞ്ചേരി സ്വദേശിയാണ് ഷബ്ന. 120 പവനോളം ഷബ്നയ്ക്ക് നല്‍കിയിരുന്നു. ഈ സ്വര്‍ണം പണയം വെച്ച് വീട് വാങ്ങണമെന്ന് ഷബ്ന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകളെ അവളുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് ഉമ്മ പറഞ്ഞു. വാതില്‍ തുറക്കുന്നില്ലെന്ന് വിളിച്ചറിയിച്ചതോടെയാണ് ഷബ്നയുടെ ബന്ധുക്കള്‍ പോയിനോക്കിയത്. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!