കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസ്; വിധി നവംബർ 4 ന്; സ്ഫോടനം നടന്നത് 2016 ൽ

By Web TeamFirst Published Oct 30, 2024, 5:22 PM IST
Highlights

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരിക്കും വിധി പറയുക. 2016 ജൂണ്‍ 15നാണ് കൊല്ലം കളക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്. 

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ നവംബർ 4 ന് വിധി പറയും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരിക്കും വിധി പറയുക. 2016 ജൂണ്‍ 15നാണ് കൊല്ലം കളക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ, ഷംസുദീന്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. നാല് പ്രതികളെയും കോടതിയിൽ നേരിട്ട് ഹാജരാക്കും. ഒക്ടോബർ 29ന് വിധി പറയാനിരുന്ന കേസിൽ പ്രതികളുടെ മൊഴികളിൽ കോടതി കൂടുതൽ വ്യക്തത തേടിയിരുന്നു.  ഇന്നലെയും ഇന്നുമായി കേസിൽ വാദം നടന്നു. തുടർന്നാണ് അടടുത്ത മാസം നാലിന് വിധി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ ആ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

Latest Videos

സ്ഫോടന കേസിൽ ബേസ് മൂവ്മെൻറ് പ്രവർത്തകനായ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. ചോദ്യം ചെയ്യലിലും മറ്റ് അന്വേഷണങ്ങളിലും മുഹമ്മദ് അയൂബ് മാത്രമാണ് പൊലീസുമായി സഹകരിച്ചത്. സ്‌ഫോടനത്തില്‍ മറ്റ് നാല് പേര്‍ക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് മുഹമ്മദ് അയൂബ് നല്‍കിയത്. 

click me!