'20000 രൂപ ആപ്പിലിട്ടാൽ ദിവസവും ലാഭം വരും', കേരളത്തിലാകെ 1500ലധികം പേര്‍ ലക്ഷങ്ങൾ ഇട്ടു, തട്ടിപ്പിൽ അറസ്റ്റ്

By Web TeamFirst Published Nov 1, 2024, 5:39 PM IST
Highlights

ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷനിലൂടെ അധിക വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് 1500 ഓളം പേരിൽ നിന്ന് പ്രതി പണം തട്ടിയത്.

കൊച്ചി: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ കൊല്ലം പള്ളിത്തോട് സ്വദേശിനി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ.  24കാരി ജെൻസി മോളാണ് കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്. എ എസ് ഒ ( ASO -App Store Optimization) എന്ന ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷനിലൂടെ അധിക വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് 1500 ഓളം പേരിൽ നിന്ന് പ്രതി പണം തട്ടിയത്.

ആപ്പിൽ  ആളുകളെ ചേർത്ത് ദിവസവരുമാനമായി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് കേരളത്തിലുടനീളം ആയിരത്തി അഞ്ഞൂറോളം ആളുകളിൽ നിന്നായി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. തട്ടിപ്പിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരിരുന്നു ജെൻസി പിടിയിലായത്. 20000 രൂപ ആപ്ലിക്കേഷൻ വഴി നിക്ഷേപിച്ചാൽ ദിവസം തോറും ലാഭം ലഭിക്കും എന്നായിരുന്നു ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. 

Latest Videos

വാഗ്ദാനത്തിൽ വിശ്വസിച്ച് സാധാരണക്കാരായ നിരവധി ആളുകൾ തങ്ങളുടെ സമ്പാദ്യം പ്രതിയുടെ അക്കൗണ്ടിലേക്കും പ്രതി നൽകിയ മറ്റ് പല അക്കൗണ്ടിലേക്കും നിക്ഷേപിച്ചു. നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും  ആപ്ലിക്കേഷനിൽ കാണിച്ചിരുന്നതിനാൽ പലരും ഈ തട്ടിപ്പിലേക്ക് വീഴുകയായിരുന്നു. ആദ്യം പണം നിക്ഷേപിച്ച ആളുകൾക്ക് നിക്ഷപിച്ച തുകയും വൻ ലാഭവും തിരികെ കിട്ടി. ഇങ്ങനെ കിട്ടിയവര്‍ പറഞ്ഞറിഞ്ഞും പലരും ഈ തട്ടിപ്പിലേക്ക് ചെന്നു വീണു. പലർക്കും നിക്ഷേപിച്ച തുകയും ലാഭവും ആപ്ലിക്കേഷനിൽ കാണിച്ചിരുന്നു. എന്നാൽ പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.


തട്ടിപ്പ് തിരിച്ചറിഞ്ഞ് ഫോർട്ടുകൊച്ചി സ്വദേശിയും 52 പേരും ചേർന്ന് പരാതി തയ്യാറാക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പരാതി നൽകി. കമ്മീഷണറുടെ നിർദ്ദേശപ്രകാരം കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൻ കേസ് രജിസ്റ്റർ ചെയ്തു. തുടര്‍നന് കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ സുദർശൻ, സൈബർ പൊലീസ് അസി.കമ്മിഷണർ മുരളി എം.കെ.യുടെയും മേൽ നോട്ടത്തിൽ സൈബർ പൊലീസ് ഇൻസ്പെക്ടർ പിആർ സന്തോഷ്, എഎസ്ഐ. ദീപ. സ്മിത, സിപിഒമാരായ റോബിൻ, രാജീവ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

എം.എൽ.എം. പോലുള്ള മൾട്ടി ലെവൽ മാർക്കറ്റിംഗ് രീതിയിലാണ് പ്രതികൾ ആളുകളെ ചേർത്തിരുന്നത്. സോഷ്യൽ മീഡിയകളിൽ വരുന്ന ഉയർന്ന വരുമാനം വാഗ്ദാനം നൽകുന്ന പരസ്യങ്ങളിൽ വീഴാതിരിക്കുന്നതിന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി.  മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള തട്ടിപ്പുകളിലും വ്യാജ ക്രിപ്റ്റോ കറിൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പിലും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലും വീഴാതിരിക്കുന്നതിനും സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.

സ്കൂട്ടറിൽ വന്നയാളെ തടഞ്ഞു, പരിശോധന തുടങ്ങിയതും പൊലീസുകാരെ മര്‍ദ്ദിച്ചു കടക്കാൻ ശ്രമം; പിടിച്ചത് മദ്യക്കടത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!