മുബൈ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന സി സി ടി വി ദ്യശ്യങ്ങള്‍ കണ്ടതോടെ ചാലക്കുടി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു, ശേഷം...
തൃശൂർ: ദേശീയപാത കേന്ദ്രീകരിച്ച് കോടികള്‍ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറി. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശ്ശേരി വീട്ടില്‍ കനകാമ്പരന്‍ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിന് സമീപം ചിത്രകുന്നേല്‍ വീട്ടില്‍ സതീശന്‍ (48), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിന് സമീപം പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ(42), നോര്‍ത്ത് കൊന്നക്കുഴി സ്വദേശിയും പാലക്കാട് വടക്കഞ്ചേരിയില്‍ താമസിക്കുന്ന ഏരുവീട്ടില്‍ ജിനു എന്ന ജിനേഷ്(41), വടക്കാഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരെയാണ് ചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറിയത്.
ഇക്കഴിഞ്ഞ 10 -ാം തിയതി ഗുജറാത്തിലെ വ്യവസായി റഫീക്ഭായ് സെയ്തിന്‍റെ കാർ മുംബൈ - അഹമ്മദാബാദ് ദേശീയപാതയില്‍ തടഞ്ഞ് കൊള്ളനടത്തിയ കേസിലാണ് അഞ്ചംഗ സംഘം പിടിയിലായിരിക്കുന്നത്. വ്യവസായിയേയും ഡ്രൈവറേയും മര്‍ദിച്ച് പുറത്താക്കി കാര്‍ തട്ടികൊണ്ട് പോയി കാറിലുണ്ടായിരുന്ന 73 ലക്ഷം കൊള്ളയടിച്ച് മുങ്ങുകയായിരുന്നു പ്രതികൾ. വ്യവസായിയുടെ പരാതിയുടെ തുടര്‍ന്നാണ് മുബൈ പൊലീസ് അന്വേഷണം തുടങ്ങിയത്. മുബൈ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന സി സി ടി വി ദ്യശ്യങ്ങള്‍ കണ്ടതോടെ ചാലക്കുടി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. പുലര്‍ച്ചയാകും മുമ്പേ പ്രതികളെ പിടികൂടി ചാലക്കുടി പൊലീസ്, മുബൈ പൊലീസിന് കൈമാറി ഞെട്ടിക്കുകയും ചെയ്തു.
വിശദവിവരങ്ങൾ ഇങ്ങനെ
ചാലക്കുടി ഡി വൈ എസ് പി കെ സുമേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ 10 ന് ഗുജറാത്ത് രാജകോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായ് സെയ്ത് ഡ്രൈവര്‍ക്കൊപ്പം കാറില്‍ മുബൈയിലേക്ക് വരുന്ന വഴി മൂന്ന് കാറുകളിലായെത്തിയ കൊള്ളസംഘം മുംബൈ അഹമ്മദാബാദ് ദേശീയപാതയില്‍ വാഹനം തടഞ്ഞ് വ്യവസായിയേയും ഡ്രൈവറേയും മര്‍ദിച്ച് പുറത്താക്കി കാര്‍ തട്ടികൊണ്ട് പോയി കാറില്‍ സൂക്ഷിച്ചിരുന്ന 73 ലക്ഷം കൊള്ളയടിച്ച് മുങ്ങിയ കേസിലാണ് അറസ്റ്റ്. വ്യവസായിയുടെ പരാതിയുടെ തുടര്‍ന്ന് മുബൈ പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കാറുകളുടെ നമ്പറുകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് മുബൈ പൊലീസ് സൂപ്രണ്ട് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടത്.
തൃശൂര്‍ എസ് പി യാണ് മുബൈ പൊലീസിലെ അന്വേഷണ സംഘത്തെ ചാലക്കുടിയിലേക്ക് വിട്ടത്. സി സി ടി വി ദ്യശ്യങ്ങള്‍ കണ്ടതോടെ ചാലക്കുടി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. പുലര്‍ച്ചയാകും മുമ്പേ പ്രതികളെ പിടികൂടി ചാലക്കുടി പൊലീസ് മുബൈ പൊലീസിന് കൈമാറി ഞെട്ടിക്കുകയും ചെയ്തു. ചാലക്കുടി ഡി വൈ എസ് പിയുടെ ക്രൈ സ്‌ക്വോര്‍ഡ് അംഗങ്ങളായ വി ജി സ്റ്റീഫന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രതി ജിനീഷ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ ടിപ്പര്‍ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയതടക്കം നിരവധി ഹൈവേ കോള്ള കേസുകളിലെ പ്രതിയാണ്. ഫൈസല്‍ കോങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കോടി രൂപയോളം കൊള്ളയടിച്ച കേസിലെ പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ ഏഴ് കോടി രൂപ വാഹനത്തിലുണ്ടായിരുന്നവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ കൂട്ടാളികളാണ് പണം മുഴുവന്‍ കൊണ്ടുപോയതെന്ന പ്രതികളുടെ വാക്ക് പൊലീസ് വിശ്വസിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം